ഒരു യുവാവിനെ വിവാഹം ചെയ്ത് 2 സ്ത്രീകള്‍; ദിവസങ്ങള്‍ വീതിച്ച് ‘കരാര്‍’; നിയമപ്രാബല്യമില്ലെന്ന് അഭിഭാഷകര്‍
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷനെ വിവാഹം കഴിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഓരോ സ്ത്രീയുടെയും വീട്ടില്‍ കഴിയണമെന്ന നിബന്ധനയിലാണ് വിവാഹം. ഏഴാം ദിവസം പുരുഷന് ഇഷ്ടമുള്ള ഭാര്യയുടെ വീട്ടില്‍ കഴിയാം. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇവര്‍ക്കിടയിലെ ഈ കരാര്‍ ഹിന്ദു നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ പറയുന്നു.
എന്‍ജിനീയറായ യുവാവ് 2018-ലാണ് ആദ്യ വിവാഹം കഴിക്കുന്നത്. ഗുരുഗ്രാം സ്വദേശിയായ ഇദ്ദേഹം ഗ്വാളിയോറിലുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ഇരുവരും രണ്ടുവര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. ഇതിനിടെ കോവിഡ് വന്നതോടെ യുവാവിന് ഗുരുഗ്രാമിലെയും യുവതിക്ക് ഗ്വാളിയോറിലെയും വീടുകളില്‍ കഴിയേണ്ട സാഹചര്യം വന്നു. ഇക്കാലയളവില്‍ യുവാവ് ഗുരുഗ്രാമിലെ സഹപ്രവര്‍ത്തകയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ 2020 വരെ ഭര്‍ത്താവ് വരാതിരുന്നപ്പോള്‍ യുവതിക്ക് സംശയമായി. ഇതോടെ ഗുരുഗ്രാമിലെ ഭര്‍ത്താവിന്റെ ഓഫീസില്‍ച്ചെന്ന് അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതായും അതിലൊരു കുഞ്ഞുണ്ടെന്നും യുവതി അറിയുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി ഭര്‍ത്താവിന്റെ ഓഫീസില്‍വെച്ച് വലിയ വഴക്കായി. പിന്നാലെ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നെന്ന് അഭിഭാഷകനായ ഹരീഷ് ദിവാന്‍ പറഞ്ഞു.
യുവാവിനെ കുടുംബകോടതിയില്‍ വിളിച്ച് കൗണ്‍സലിങ് നടത്താന്‍ ശ്രമിച്ചെങ്കിലും രണ്ടാമത് വിവാഹം കഴിച്ച യുവതിയെ വേര്‍പിരിയാന്‍ തയ്യാറല്ലായിരുന്നു. ഇതോടെ രണ്ട് ഭാര്യമാരെയും വിളിച്ചുവരുത്തി സംസാരിച്ചു. അവരും യുവാവിനെ കൈവിടാന്‍ തയ്യാറായില്ല. ഇതോടെ ഭര്‍ത്താവും രണ്ട് ഭാര്യമാരും കൂടി ചേര്‍ന്ന് ഒരു ധാരണയുണ്ടാക്കി. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഓരോ ഭാര്യമാരുടെയും വീട്ടില്‍ കഴിയണമെന്നും ഞായറാഴ്ച ദിവസം യുവാവിന് ഇഷ്ടമുള്ള വീട്ടില്‍ കഴിയാമെന്നുമായിരുന്നു കരാര്‍. ഇരുവര്‍ക്കും ഗുരുഗ്രാമില്‍ രണ്ട് ഫ്‌ളാറ്റുകളും യുവാവ് വാങ്ങിച്ചുകൊടുത്തു. കിട്ടുന്ന ശമ്പളം രണ്ടുപേര്‍ക്കും തുല്യമായി വീതിക്കുമെന്നും ധാരണയുണ്ടാക്കി.
എന്നാല്‍ ഈ കരാറിന്റെ സാധുത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ അഭിഭാഷകന്‍ വിശദീകരിച്ചു. മൂന്നു പേരുംകൂടിയുണ്ടാക്കിയ കരാറില്‍ കുടുംബകോടതിക്കോ കൗണ്‍സിലര്‍ക്കോ ഇനി ഒന്നും ചെയ്യാനാവില്ല. മൂന്നു പേരും അവകാശപ്പെടുന്നത് അവര്‍ ഹിന്ദുക്കളാണെന്നാണ്. നിയമപ്രകാരം ഒരു ഹിന്ദുവിന് ഒരു സമയത്ത് ഒരു ഭാര്യയേ പാടുള്ളൂ. ആദ്യ ഭാര്യയെ ഉപേക്ഷിക്കുന്നതുവരെ രണ്ടാമതൊരു വിവാഹം പാടില്ല. പക്ഷേ, അവര്‍ കരാര്‍ പ്രകാരം മുന്നോട്ടുപോവാന്‍ തീരുമാനിച്ചു-ഹരീഷ് ദിവാന്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273