കേരളം പിടിക്കാൻ ബിജെപി യുടെ പ്രത്യേക നീക്കങ്ങൾ; മോദിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാനുറച്ച് ബിജെപി ക്രിസ്ത്യൻ, മുസ്‍ലിം വീടുകളിലേക്ക്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരുതിയിലാക്കിയതിനു പിന്നാലെ കേരളം പിടിക്കാനുറച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍നേട്ടം കൊയ്യാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
വരും വര്‍ഷങ്ങളില്‍ കേരളത്തിലും ബിജെപി സര്‍ക്കാര്‍ വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ വമ്പന്‍ പ്രചാരണപരിപാടികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന ജാഥ വരെ മാറ്റിവച്ച് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുഭാപ്തി വിശ്വാസം പങ്കുവച്ചതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നടത്തിയ സമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടമായി കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കും. മുസ്‌ലിംകള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള കേന്ദ്രപദ്ധതികള്‍ ചൂണ്ടിക്കാട്ടിയാവും പ്രവര്‍ത്തനം. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കാരണം പ്രാദേശിക വിഷയങ്ങളാണെന്നും വിശദീകരിക്കും.
സംസ്ഥാനത്ത് ഏതാണ്ട് 46 ശതമാനത്തോളം വരുന്ന, നിലവില്‍ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കുമൊപ്പം നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്‌ലിം ജനവിഭാഗങ്ങളെ സ്വാധീനിക്കാനുളള പരിപാടികളാണ് നേതൃത്വം ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 9ന് ഈസ്റ്ററിന് പതിനായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നാം വാരം ഈദ് ദിവസം മുസ്‌ലിം വീടുകളിലും ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. സമാനമായി ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ ന്യൂനപക്ഷങ്ങളെ സ്വന്തം വീടുകളിലേക്കു സ്വാഗതം ചെയ്യും. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഇത്തരത്തില്‍ ക്രിസ്ത്യന്‍ വീടുകളിലെത്തി ബിജെപി പ്രവര്‍ത്തകര്‍ കേക്ക് സമ്മാനിച്ചിരുന്നു.
വരും വര്‍ഷങ്ങളില്‍ കേരളത്തിലും ബിജെപി സര്‍ക്കാര്‍ വരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു മോദിയുടെ ശ്രദ്ധേയമായ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ബിജെപിയെ ഭയക്കുന്നില്ലെന്ന് മോദി പറഞ്ഞു. ഗോവയില്‍ അതു കണ്ടതാണ്. ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്ക് ഒപ്പം നിന്നു. പല സംസ്ഥാനങ്ങളിലും ഗുസ്തി പിടിക്കുന്നവര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ദോസ്തി ആണ്. ഇതു കേരള ജനതയും കാണുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി മുന്‍കൈ എടുത്ത് കേരളത്തില്‍ പ്രകാശ് ജാവഡേക്കറിന്റെ നേതൃത്വത്തില്‍ അതിശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചും ബിജെപിയെക്കുറിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദുരീകരിച്ചും കേരളത്തിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ബിജെപി തീരുമാനം.
എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികളുടെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക ബോധ്യവും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ബിജെപിയുടെ ഇത് വരെയുള്ള നിലപാടുകളും കേരളത്തിൽ ബിജെപിക്ക് എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273