നാല് വയസുകാരൻ്റെ തൊണ്ടയില്‍ കുടുങ്ങിയ ‘വിസില്‍’ വിജയകരമായി പുറത്തെടുത്തു

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടങ്ങിയ വിസില്‍ വിജയകരമായി പുറത്തെടുത്തു. ബഹ്റൈനിലെ നസ്‍ഫ ആഘോഷങ്ങള്‍ക്കിടെയാണ് മിഠായി എന്ന് തെറ്റിദ്ധരിച്ച് നാല് വയസുകാരന്‍ വിസില്‍ വായില്‍ ഇട്ടത്. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിയെ അടിയന്തര ബ്രോങ്കോസ്‍കോപിക്ക് വിധേയമാക്കുകയും  അത്യാധുനിക എന്‍ഡോസ്‍കോപ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വിസില്‍ വിജയകരമായി പുറത്തെടുക്കുകയുമായിരുന്നു. ക്യാമറ ഘടിപ്പിച്ച ട്യൂബ് ശ്വാസ നാളത്തിലൂടെ കടത്തിവിട്ട് അവിടെ തടസം സൃഷ്ടിക്കുന്ന വസ്‍തുക്കള്‍ പുറത്തെടുക്കുന്ന രീതിയാണിത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മെഡിക്കല്‍ സംഘം പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

അറബി മാസമായ ശഅബാനില്‍ ബഹ്റൈനില്‍ നടക്കുന്ന ആഘോഷമാണ് നസ്‍ഫ. കുട്ടികള്‍ അയല്‍വീടുകളില്‍ പോയി മിഠായികളും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നാണയങ്ങളുമെല്ലാം ശേഖരിക്കുന്ന പതിവുണ്ട് ഈ ആഘോഷത്തിനിടെ. ഇതിനിടെയാണ് മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടി വിസില്‍ വായില്‍ ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഘോഷവേളയില്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും മറ്റും നല്‍കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കുട്ടിയുടെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത അറിയിപ്പില്‍ പറയുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിച്ചതില്‍ അദ്ദേഹം മെഡിക്കല്‍ സംഘത്തെ നന്ദിയും അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!