‘പടച്ചവന്‍റെ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ’; 15 വർഷത്തിനുശേഷം മലയാളിയുടെ ശമ്പള കുടിശിക നാട്ടിലേക്ക് അയച്ച് കൊടുത്ത് തൊഴിലുടമ
ആലപ്പുഴ: താൻ പോലും മറന്നുപോയ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന് 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ അമ്പരപ്പിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദുള്ളത്. സൗദിയിൽ വിനോദിന്റെ തൊഴിലുടമയായിരുന്ന മുഹമ്മദ് റമദാൻ ആണ് തന്റെ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്തത്.
2004 ലാണ് വിനോദ് ഡ്രൈവർ വിസയിൽ റമദാന്റെ കീഴിൽ ജോലിക്കെത്തിയത്. അഞ്ച് തൊഴിലാളികളാണ് മൊത്തം ഉണ്ടായിരുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും 2006 ആയതോടെ ശമ്പളം ഇടക്കിടക്ക് മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബർ കോടതിയിൽ കേസിന് പോയി. കോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചെങ്കിലും അവർക്ക് നൽകാൻ തന്‍റെ കൈയ്യിൽ പണമില്ലെന്നായിരുന്നു മുഹമ്മദ് റമദാന്റെ നിലപാട്.
ഇതോടെ മറ്റ് നാലുപേരും നാട്ടിലേക്ക് മടങ്ങി. എന്നാൽ വിനോദ് തന്റെ കേസുമായി മുന്നോട്ട് പോയി. ഇതിനൊപ്പം തന്നെ അയൽവാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന് ശ്രമിക്കുകയും ചെയ്തു. തന്റെ കൈയ്യിൽ പണമില്ലാത്തത് കൊണ്ടാണ് തരാൻ കഴിയാത്തതെന്നും ദയവായി അത് മനസ്സിലാക്കണമെന്നും റമദാൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ചെറിയ വാഹനം ഓടിക്കാനുള്ള ലൈസൻസ് മാത്രമുള്ള വിനോദ് ട്രെയിലർ ഓടിച്ചതിനുള്ള കുറ്റത്തിന് പലപ്പോഴും ട്രാഫിക് വിഭാഗത്തിൽ നിന്ന് പിഴയും വന്നിരുന്നു. താൻ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്ദാനവും തൊഴിലുടമ പാലിച്ചില്ല. ഇതിനിടെയിലാണ് മുഹമ്മദ് റമദാന് സർക്കാർ സഹായത്തോടെ ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ചത്. ഇതിനായി കേസ് ഒഴിവാക്കിത്തരണമെന്ന് ഇയാൾ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യർഥിച്ചിരുന്നു.
ട്രാഫിക് പിഴ സംഖ്യ സഹിതം 12300 റിയാൽ നൽകിയാൽ മാത്രമേ വിനോദിന് നാട്ടിൽ വരാന്‍ കഴിയുമായിരുന്നുള്ളൂ. ഗത്യന്തരമില്ലാതെ വിനോദ് നാട്ടിൽ നിന്ന് ഭാര്യയുടെ ആഭരണം വിറ്റ പൈസയെത്തിച്ചാണ് 2008 ൽ നാട്ടിലേക്ക് മടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞ് പലപ്പോഴും തൊഴിലുടമ ബന്ധപ്പെടുകയും ചെലവായ പൈസ അയച്ചു തരാമെന്ന് വിനോദിനോട് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോള്‍ വാഗ്ദാനം പാലിക്കപ്പെടാത്തതിനാൽ വിനോദ് അക്കാര്യം മറന്നു കളയുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച മധ്യസ്ഥനായി നിന്ന ഷാജി ആലപ്പുഴയോട് ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചുകൊണ്ട് മുഹമ്മദ് റമദാന്റെ സന്ദേശമെത്തുന്നത്. പലതവണ അക്കൗണ്ട് നമ്പർ നേരത്തെ അയച്ചു നൽകിയിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഇത്തവണയും പ്രതീക്ഷയൊന്നും കൂടാതെ ഷാജി അക്കൗണ്ട് നമ്പർ വീണ്ടും നൽകി.
എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് 12,500 റിയാൽ അക്കൗണ്ടിൽ എത്തി. പിന്നാലെ മുഹമ്മദ് റമദാന്റെ ഒരു സന്ദേശവും. ‘ഞാനിപ്പോൾ ചെറിയ തോതിൽ ട്രേഡിങ് ബിസിനസ് ചെയ്യുന്നു. പലതവണ പണം അയക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇപ്പോൾ ഒരു കച്ചവടത്തിൽ നിന്ന് ലഭിച്ച പണത്തിൽനിന്ന് നിന്റെകടം വീട്ടുകയാണ്. എനിക്ക് പടച്ചവന്‍റെ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ. ’ ഷാജി ഉടൻ തന്നെ വിനോദിനെ ബന്ധപ്പെട്ട് പണം കൈമാറുകയായിരുന്നു. നിലവില്‍ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ് കർണാടകയില്‍ ഓട്ടം പോയ സമയത്താണ് സന്തോഷ വാർത്തയെത്തിയത്. കേസ് നടക്കുന്ന സമയത്തും ഷാജി ആലപ്പുഴ മുഹമ്മദ് റമദാനുമായി നിലനിർത്തിയ ഊഷ്മള ബന്ധമാണ് തനിക്ക് ഈ പണം കിട്ടാൻ കാരണമായതെന്ന് വിനോദ് വിശദമാക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273