ലോകത്തിൽ ആദ്യമായി വിമാനത്താവളങ്ങളിൽ റോബോട്ടിക് ചെക്ക്-ഇൻ സംവിധാനവുമായി എമിറേറ്റ്സ്
ദുബൈയിൽ ലോകത്തിലെ തന്നെ ആദ്യ റോബോട്ടിക് ചെക്ക്-ഇൻ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്സ് ഗ്രൂപ്പ്. സാറ എന്ന പേരിൽ അറിയപ്പെടുന്ന ഈ റോബോയ്ക്ക് കുറഞ്ഞത് ആറ് ഭാഷകളിലെങ്കിലും സംസാരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ അവകാശ വാദം.
വെറും ചെക്ക്-ഇൻ മാത്രമല്ല, യാത്രക്കാർക്കാവശ്യമായ മറ്റു പല സഹായങ്ങളും ചെയ്തു തരാൻ സാറ തയാറാണ്. എങ്ങനെയൊക്കെയാണ് സാറ നമ്മെ സഹായിക്കുക എന്നാണ് നമ്മൾ പരിശോധിക്കുന്നത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ദുബൈ എയർപോർട്ടിൽ സജീവമാകാൻ പോകുന്ന ഈ സംവിധാനത്തിൽ, ആദ്യ ഘട്ടത്തിൽ യാത്രക്കാരൻ അവരുടെ പാസ്പോർട്ട് സ്കാൻ ചെയ്യണം.
തുടർന്ന്, യാത്രക്കാരൻ തന്റ മുഖം റോബോയുടെ സ്ക്രീനിൽ തെളിയുന്ന ചതുരത്തിന്റെ മധ്യത്തിൽ കൃത്യമായി പതിയുന്ന രീതിയിൽ അൽപ സമയം നിലയുറപ്പിക്കണം. സ്കാൻ ചെയ്ത പാസ്പോർട്ടിലെ മുഖ സവിശേഷതകളുമായി താരതമ്യം ചെയ്ത് സാമ്യത ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ നടപടി.
അടുത്ത ഘട്ടത്തിൽ, നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റും യാത്രക്കാരന്റെ വിവരങ്ങളും വിലയിരുത്തിയ ശേഷം, യാത്രക്കാരന് ഫ്ളൈറ്റ് ടൈമിങ് സംബന്ധമായതും കാലാവസ്ഥാ വിവരങ്ങളും വരെ സാറ നൽകുന്നതായിരിക്കും. നൽകിയ വിശദാംശങ്ങളെല്ലാം ശരിയാണെങ്കിൽ, ചെക്ക് ഇൻ തുടരണോ എന്ന ചോദ്യമാണ് അടുത്തതായി സാറ ഉന്നയിക്കുക.
സ്ക്രീനിലെ ചെക്ക്-ഇൻ ബട്ടണിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ വാക്കു കൊണ്ടുള്ള ഒരു കമാൻഡ് രൂപത്തിലോ സാറക്ക് നിർദ്ദേശം നൽകാവുന്നതാണ്. ഇതോടെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാവുകയും, ഉടനടി, ബോർഡിങ് പാസ് യാത്രക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്കോ ഇമെയിൽ ഐഡിയിലേക്കോ സാറ അയച്ച് നൽകുന്നതുമായിരിക്കും.
ഇതിനുശേഷം, യാത്രക്കാരന് ബാഗേജ് കൗണ്ടറിലേക്ക് പോകാവുന്നതാണ്. യാത്രക്കാർക്ക് അവരുടെ ബോർഡിങ് പാസുകളും ബാഗേജ് ടാഗുകളും സിസ്റ്റത്തിൽനിന്ന് തന്നെ പ്രിന്റ് ചെയ്യാനുള്ള ഒരു സൗകര്യവുമുണ്ടെന്നും സാറയുടെ ഡവലപ്പർമാർ അവകാശപ്പെടുന്നുണ്ട്.
വിമാനത്താവളത്തിലെത്തുന്ന അധികം പരിചയമില്ലാത്ത വിനോദസഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമാണ് സാറയുടെ ഈ സഹായങ്ങൾ കൂടുതൽ ഉപകരിക്കുക. ഒരു ട്രാൻസിറ്റ് യാത്രക്കാരന്, അവരുടെ കണക്റ്റിങ് ഫ്ലൈറ്റിന്റെ ഗേറ്റ് എവിടെയാണെന്ന് കണ്ടെത്തണമെങ്കിൽ അവർക്കും റോബോട്ടിനെ സമീപിക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273