ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്ടർ രേണുരാജ്; സർക്കാർ ഉന്നതതല യോഗം വിളിച്ചു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നു ഹാജരാകണമെന്ന് കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടർ ഹൈക്കോടതിയിലെത്തി. ബ്രഹ്മപുരത്തെ തീപിടിത്ത വിഷയം കത്തിനിൽക്കുന്നതിനിടെ കലക്ടറെ വയനാട്ടിലേക്കു സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

അതേസമയം, ഇന്നലെ ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കലക്ടർ എത്തിയിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കലക്ടർ ഇന്ന് കോടതിയിലെത്തിയത്. ജില്ലാ കലക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനിലും ഹാജരായി.

പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുക്കും.

കൊച്ചിയിലെ വിഷപ്പുക മൂലം ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. മാലിന്യസംസ്കരണകേന്ദ്രത്തിന് ആരെങ്കിലും തീവച്ചതാണോയെന്ന ചോദ്യവും ഉയർത്തി. മാലിന്യം കത്തി വിഷപ്പുക പടരുന്നതു സംബന്ധിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിനെത്തുടർന്നാണ് കോടതി കേസെടുത്തത്.

ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നു നിർദേശിച്ച കോടതി, കോർപറേഷൻ സെക്രട്ടറി, കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ ഇന്നലെ തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറൽ വിശദീകരണത്തിന് ഒരുദിവസം സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല. ഉച്ചകഴിഞ്ഞു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി.പ്രദീപ് കുമാർ ഓൺലൈനിലും കോർപറേഷൻ സെക്രട്ടറി എം.ബാബു അബ്ദുൽ ഖാദർ നേരിട്ടും ഹാജരായി. വീഴ്ചകളുടെ പേരിൽ കോർപറേഷനെയും ബോർഡിനെയും കോടതി വിമർശിച്ചു. കലക്ടർ ഡോ. രേണുരാജ് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നു പേരോടും ഇന്നും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!