പാചക വിസയിൽ ഖത്തറിലെത്തി, യുവാവിനെ സ്പോൺസർ സൗദി മരുഭൂമിയിലേക്ക് ഒട്ടകത്തെ മേയ്ക്കാൻ കടത്തി; ഏഴ് വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ നാട്ടിലേക്ക്
ഖത്തറിൽനിന്ന് ചതിയിലൂടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യൻ യുവാവ് ഏഴ് വർഷത്തോളമാണ് ദുരിതത്തിലായത്. ഉത്തർപ്രദേശ് വാരാണാസി സ്വദേശി അസാബ് കടന്നത് കനൽ ജീവിതത്തിലൂടെ. ഒടുവിൽ അൽ അഹ്സയിലെ മലയാളി സാമൂഹികപ്രവർത്തകരുടെ കാരുണ്യത്താൽ ഈ 42കാരൻ രക്ഷപ്പെട്ട് നാടണഞ്ഞു.
നല്ലൊരു പാചകക്കാരനായിരുന്നു ഈ യുവാവ്. കുടുംബത്തിന്റെ പ്രാരാബ്ധത്തിന്റെ ഭാരവും പേറിയാണ് 2016 സെപ്റ്റംബറിൽ പാചകക്കാരന്റെ വിസയിൽ ഖത്തറിൽ വിമാനമിറങ്ങിയത്. പക്ഷേ, ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു കാത്തിരുന്നത്. ഖത്തറിലെ സ്പോൺസർ അനധികൃതമായി സൗദിയുടെ അതിർത്തി കടത്തി മരുഭൂമിയിലെ തന്റെ ഒട്ടകക്കൂട്ടത്തിന് അടുത്തെത്തിച്ചു. 40ഓളം ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി.
വിസയോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെ, രാവും പകലുമില്ലാതെ, ശരിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാതെയുള്ള കഷ്ടപ്പാടേറിയ ഫാമിലെ (മസറ) കഠിന ദിവസങ്ങളുടെ തുടക്കമായിരുന്നു അത്. ദുരിതംനിറഞ്ഞ ഒട്ടക ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ വഴികാണാതെ മാസങ്ങളും വർഷങ്ങളും കടന്ന് പോയി.
നാട്ടിൽ നിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രം പ്രായമായിരുന്ന തന്റെ ഏക മകളെയും പ്രിയപ്പെട്ട ഭാര്യയേയും പ്രായമായ അമ്മയേയും ഇനിയെന്നു കാണാനാവുമെന്നറിയാതെ നിരാശപ്പെട്ട് അനിശ്ചിതത്വം നിറഞ്ഞ് തള്ളിനീക്കുകയായിരുന്നു ഈ യുവാവ്.
ഇതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം മോശമാകുന്നതും അതിർത്തി അടയ്ക്കുന്നതും. പൗരന്മാരോട് തിരികയെത്താൻ ഇരു രാജ്യങ്ങളും അവശ്യപ്പെട്ടു. സ്പോൺസർ സ്വദേശമായ ഖത്തറിലേക്ക് മടങ്ങിയെങ്കിലും അസാബിനെ കൂടെ കൊണ്ടുപോയില്ല. മാത്രമല്ല, സൗദിയിലെ തന്റെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി വിറ്റൊഴിവാക്കുകയും ചെയ്തു.
നാട്ടിൽനിന്നെത്തിയ നാൾ മുതൽ മസറയിലും മരുഭൂമിയുടെ മണൽക്കാഴ്ചകളിലും ആടുകളുടെയും ഒട്ടകങ്ങളുടെയും ഇടയിലും മാത്രമായി ജീവിച്ച്, പുറംലോകത്തെ കുറിച്ച് ഒന്നുമറിയാത്ത അസാബ് താൻ അകപ്പെട്ടിരിക്കുന്ന കുഴപ്പങ്ങളിൽനിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ കുഴഞ്ഞു. ദേശവും ദിക്കുമറിയാതെ മരുഭൂമിയിൽ ഒരു ഗതിയും പരഗതിയുമില്ലാതെ എങ്ങോട്ടു പോകണമെന്നുമറിയാതെ തളയ്ക്കപ്പെട്ട ജീവിതത്തിൽനിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായി.
ആറ് വർഷത്തോളം തുടർന്ന മരുഭൂമിയിലെ മസറ ജീവിതത്തിൽനിന്ന് ഇതിനിടെ ആരുടെയൊക്കെയോ സഹായത്താൽ ആദ്യം റിയാദിലും പിന്നീട് അൽ അഹ്സയിലുമെത്തി. അസാബിന്റെ ദുരിതജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താൽ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികൾ ചെയ്തു. മരുഭൂമിയിലെ ദുരന്തനാളുകൾ അവസാനിച്ചുവെങ്കിലും കൈവശം നിയമപരമായ ഒരുവിധ രേഖകളുമില്ലാതെ ഒളിച്ചും ഭയന്നും ജീവിതം മുന്നോട്ടുകൊണ്ടുപോയി.
ഏതുവിധേനയും തിരികെ നാട്ടിലേക്ക് പോകാനായി ഇതിനിടെ കേട്ടറിവുവെച്ച് എങ്ങനെയോ അൽ അഹ്സയിലെ നാടുകടത്തൽ കേന്ദ്രത്തിലെത്തി. അസാബിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫിസർ അനുഭാവപൂർവം പരിഗണിച്ചു. അൽഅഹ്സയിലെ ഒ.ഐ.സി.സി ജീവകാരുണ്യവിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിർ, ഉമർ കോട്ടയിൽ എന്നിവരെ ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാൻ സഹായം ലഭിക്കുന്നതിന് സമീപിക്കാൻ നിർദേശിച്ചു.
അസാബിൽനിന്ന് വിവരമറിഞ്ഞ ഒ.ഐ.സി.സി ഭാരവാഹികൾ റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള ആവശ്യമായ യാത്രാരേഖകളെല്ലാം ശരിയാക്കിനൽകി. ഒപ്പം അൽഅഹ്സ ഒ.ഐ.സി.സി വക വിമാന ടിക്കറ്റും അസാബിന് കൈമാറി. ഒടുവിൽ എഴു വർഷത്തോളം നീണ്ട ദുരിതജീവിതപർവം താണ്ടി കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്ന ഇൻഡിഗോ വിമാനത്തിൽ വാരാണസിയിലെത്തി കുടുംബത്തോടൊപ്പം ചേർന്നു. നാട്ടിലെത്തിയ അസാബും കുടുംബവും ഒ.ഐ.സി.സി ഭാരവാഹികളോട് നന്ദിയറിയിച്ചു.
(കടപ്പാട്: സാജിദ് ആറാട്ടുപുഴ, മാധ്യമം)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273