ഇന്ത്യയിൽ വിൽക്കുന്ന ഓരോ സ്വർണാഭരണവും അക്കൗണ്ടിൽപ്പെടുത്തും: ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്
എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ഇന്ത്യയിലെ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല.
എച്ച്‌യുഐഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിങ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിങ്ങും തമ്മിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ജ്വല്ലറികൾക്ക് 9 മാസം സാവകാശം നൽകിയിരുന്നുവെന്നും പറയുന്നു. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല.
രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണവും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിർബന്ധമാക്കുന്നത്. സ്വർണവ്യാപാരം സുതാര്യമാക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് 2012 ൽ തുടങ്ങിയ നടപടികളുടെ തുടർച്ചയാണിത്.
കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താനാകും. അതേസമയം, രാജ്യത്തു തന്നെ ഏറ്റവും വേഗത്തിൽ എച്ച്‌യുഐഡി നടപ്പാക്കുന്ന സംസ്ഥാനമായ കേരളത്തിലെ വ്യാപാരശാലകളിൽ പോലും ഇപ്പോഴുള്ള ആഭരണങ്ങളിൽ പകുതിയും പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ളവയാണ്. ബാക്കി ഒരു മാസത്തിനകം എച്ച്‌യുഐഡി ശ്രേണിയിലാക്കുക പ്രായോഗികമല്ലെന്നു വ്യാപാരികൾ പറയുന്നു. അതേസമയം, പഴയ സ്വർണം മാറ്റിയെടുക്കാൻ തടസ്സമില്ലാത്തതിനാൽ ജനങ്ങൾക്ക് ആശങ്കപ്പെടാനില്ല.
ചെറുകിട വ്യാപാരികൾ വലയും
40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലാത്തതിനാൽ നിലവിൽ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) ലൈസൻസും ആവശ്യമില്ല. എന്നാൽ, ബിഐഎസ് ലൈസൻസ് ഇല്ലാതെ എച്ച്‌യുഐഡി ആഭരണം വിൽക്കാനാകില്ല. ഫലത്തിൽ, ചെറുകിടക്കാർക്കു ബിഐഎസ് ലൈസൻസ് നിർബന്ധമാകും. കേരളത്തിൽ മാത്രം ഇത്തരം അയ്യായിരത്തിലേറെ സ്ഥാപനങ്ങളുണ്ട്. രാജ്യമാകെ 1.53 ലക്ഷം ജ്വല്ലറികൾക്കാണ് ബിഐഎസ് റജിസ്ട്രേഷനുള്ളത്; കേരളത്തിൽ 6012 ജ്വല്ലറികളും ബിഐഎസ് റജിസ്ട്രേഷനോട് കൂടിയാണ് പ്രവർത്തിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273