ത്രിപുരയില്‍ സസ്‌പെന്‍സ്; ബിജെപിക്ക് ക്ഷീണം, കിങ്‌മേക്കറാകുമോ പ്രദ്യോത്
ത്രിപുര ആര് ഭരിക്കും. സസ്‌പെന്‍സ് ത്രില്ലറിലേക്ക് നീങ്ങുന്ന വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 27 സീറ്റില്‍ ബിജെപി സഖ്യവും 20 സീറ്റില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യവും ലീഡ് ചെയ്യുന്നു. 11 സീറ്റില്‍ മുന്നിലെത്തിയ തിപ്ര മോത്ത പിടിക്കുന്ന സീറ്റുകളാകും ഒരു പക്ഷേ അന്തിമമായി ത്രിപുരയുടെ ഭരണം ആര്‍ക്കെന്ന് നിര്‍ണായകമാകുക.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ മുന്‍തൂക്കം പ്രവചിച്ചെങ്കിലും പക്ഷേ ബി.ജെ.പിക്ക് ആ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. നിലവില്‍ 27 ഇടത്താണ് ബി.ജെ.പി. സഖ്യം മുന്നേറുന്നത്. ഇതില്‍ ഒരിടത്ത് ഐ.പി.എഫ്.ടിയാണ് മുന്നേറുന്നത്.
43 ഇടത്ത് മത്സരിച്ച സി.പി.എം. 14 ഇടത്ത് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് അഞ്ചിടത്തും സി.പി.ഐ. ഒരിടത്തും മുന്നിലാണ്.13 ഇടത്തായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. പ്രദ്യോത് ദേബ് ബര്‍മ്മയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകുമെന്ന സൂചനയാണ് നിലവില്‍ വരുന്നത്. ഗോത്ര മേഖലയിലെ 20 സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടി 42 ഇടത്താണ് ഇത്തവണ ജനവിധി തേടിയത്. ഇതില്‍ 11 ഇടത്താണ് നിലവില്‍ തിപ്ര മോത്ത മുന്നേറുന്നത്.
25 വര്‍ഷം തുടര്‍ഭരണത്തിനൊടുവില്‍ കഴിഞ്ഞ തവണ സി.പി.എമ്മിനെ നിലംപരിശാക്കി ബിജെപി ഭരണം പിടിക്കുകയായിരുന്നു. 2013 ല്‍ ഒരു എം.എല്‍.എ പോലുമില്ലാതിരുന്ന ബിജെപി 2018-ല്‍ ബി.ജെ.പി. 36 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയായിരുന്ന സര്‍ക്കാരുണ്ടാക്കിയത്. ഗോത്ര പാര്‍ട്ടിയായ ഐ.പി.എഫ്.ടി. കൂടി ചേര്‍ന്നതോടെ 44 എം.എല്‍.എമാര്‍ സഖ്യത്തിലുണ്ടായിരുന്നു. തുടര്‍ഭരണം ആഗ്രഹിച്ച ബി.ജെ.പി. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കുന്ന സാഹചര്യം പോലും സംസ്ഥാനത്തുണ്ടായിരുന്നു.
2018-ല്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി അധികാരമേറ്റ ബിപ്ലബ് ദേബ് കുമാറിനെ മാറ്റി ദന്തരോഗവിദഗ്ധന്‍ കൂടിയായ മണിക് സാഹയെ മുന്‍നിര്‍ത്തിയാണ് അവസാനത്തെ ഒരു വര്‍ഷം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോയതും തിരഞ്ഞെടുപ്പിനെ നേരിട്ടതും. വലിയ മുന്നേറ്റത്തോടുകൂടി ഭരണത്തുടര്‍ച്ചയാഗ്രഹിച്ച ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്ക് ത്രിപുര രാജകുടുംബാംഗം പ്രദ്യോതിന്റെ പാര്‍ട്ടി വിലങ്ങുതടിയാവുന്നു എന്ന സൂചനയാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്നത്. നിലവിലെ മുന്നേറ്റം അവസാന ഫലമായി മാറുകയും സി.പി.എം.- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം കൈകോര്‍ക്കാന്‍ പ്രദ്യോത് തയ്യാറാവുകയും ചെയ്താല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിച്ചേക്കും.
ത്രിപുരയില്‍ ബി.ജെ.പിക്ക് 36 മുതല്‍ 45 സീറ്റുകള്‍ വരെയാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചത്. സീ ന്യൂസ് 29 മുതല്‍ 36 വരെ സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ ടൈംസ് നൗ കേവല ഭൂരിപക്ഷത്തിന് താഴെ 21 മുതല്‍ 27 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273