കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു; ഇപ്പോള്‍ ഭാര്യയും മരിച്ച നിലയില്‍, കാമുകൻ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ, ദുരൂഹത
സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി സൗജത്തിനെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സൗജത്ത് മരിച്ച വിവരം ഇന്ന് രാവിലെയാണ് പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാടകവീട്ടിൽ നിന്ന് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
2018 ഒക്ടോബര്‍ നാലാം തീയതിയാണ് നാടിനെ നടുക്കിയ ആ കൊലപാതകം നടന്നത്. താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ പൗറകത്ത് സവാദിനെ അജ്ഞാതന്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പോലീസിന്റെ ചടുലനീക്കങ്ങളും കൃത്യമായ അന്വേഷണവും കേസില്‍ ചുരുളഴിച്ചു. ഭാര്യ സൗജത്തും ഇവരുടെ കാമുകന്‍ ബഷീറും ചേര്‍ന്നാണ് സവാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പിടികൂടുകയും ചെയ്തു.
ഒടുവില്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സവാദ് കൊലക്കേസില്‍ പ്രതിയായ സൗജത്തിനെ കൊണ്ടോട്ടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പംതാമസിച്ചിരുന്ന കാമുകന്‍ ബഷീറിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയും താനൂര്‍ അഞ്ചുടി സ്വദേശിയുമായ പൗറകത്ത് സവാദിനെ(40) 2018 ഒക്ടോബര്‍ നാലാം തീയതി പുലര്‍ച്ചെയാണ് വാടകക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളോടൊപ്പം സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന സവാദിനെ അജ്ഞാതന്‍ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യംപുറത്തുവന്ന വാര്‍ത്തകള്‍. മുഖത്തേക്ക് രക്തം തെറിച്ചുവീണ് ഉറക്കമുണര്‍ന്ന മകള്‍ കറുത്ത ഷര്‍ട്ട് ധരിച്ചയാള്‍ ഓടിപ്പോകുന്നത് കണ്ടതായും പോലീസിന് മൊഴിനല്‍കി.
എന്നാല്‍ ആരുമറിയാതെ ഒരാള്‍ വീടിനകത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരിപ്പിച്ചു. ഇതിനുപിന്നാലെയാണ് സവാദും ഭാര്യ സൗജത്തും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് വിവരംലഭിക്കുന്നത്. സൗജത്തിന്റെ ഫോണ്‍കോളുകളും മറ്റുംപരിശോധിച്ചതോടെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സൗജത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ എല്ലാം വെളിപ്പെടുത്തി.
സവാദ് വധക്കേസിലെ മുഖ്യപ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീറുമായി 2014 മുതലാണ് സൗജത്ത് അടുപ്പത്തിലാകുന്നത്. മൊബൈല്‍ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് സവാദും കുടുംബവും 2016-ല്‍ ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി. എന്നാല്‍ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സൗജത്തും കാമുകന്‍ ബഷീറും തീരുമാനമെടുത്തത്.
കൃത്യമായ ആസൂത്രണം….
ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തു. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീര്‍ രണ്ടുദിവസത്തെ അവധിയില്‍ നാട്ടിലേക്ക് തിരിച്ചു. സ്വന്തം വീട്ടുകാര്‍പോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. പദ്ധതിയെക്കുറിച്ച് സൂഫിയാനോട് വെളിപ്പെടുത്തിയ ബഷീര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ മംഗളൂരുവില്‍നിന്ന് കോഴിക്കോടെത്തി. തുടര്‍ന്ന് അന്നുരാത്രി തന്നെ കൃത്യംനിര്‍വഹിക്കാനായി സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലെത്തിയെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സവാദും കുട്ടികളും ഉറങ്ങാന്‍ വൈകിയതോടെ കൃത്യം നടത്താതെ ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി.
ഒക്ടോബര്‍ രണ്ടിന് രാത്രി നഗരത്തിലെ ലോഡ്ജില്‍ തങ്ങിയ ബഷീര്‍ ഒക്ടോബര്‍ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നഗരത്തില്‍ ചുറ്റിയടിക്കുകയും ലോഡ്ജ് മുറിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുകയും ചെയ്തു. ഇവിടെവെച്ചാണ് അന്നേദിവസം രാത്രി തന്നെ കൃത്യംനടത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീര്‍ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലേക്ക്.
വൈദ്യുതിയില്ലാത്തതിനാല്‍ മൂന്നാം തീയതി രാത്രി സവാദും മകളും ക്വാര്‍ട്ടേഴ്സിലെ സിറ്റൗട്ടിലാണ് ഉറങ്ങാന്‍കിടന്നിരുന്നത്. ഈസമയം സൗജത്ത് അകത്തെ മുറിയിലിരുന്ന് ബഷീറുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ബഷീര്‍ എത്തിയതോടെ വീടിന്റെ വാതില്‍ തുറന്നുനല്‍കിയതും സൗജത്താണ്. തടികഷണവുമായി വീട്ടിലെത്തിയ ബഷീര്‍ സവാദിന്റെ തലയ്ക്കടിച്ചശേഷം കടന്നുകളഞ്ഞു. ഇതിനിടെ അടുത്തുകിടന്നിരുന്ന മകള്‍ ഉറക്കമുണര്‍ന്നതോടെ സൗജത്ത് മകളെ അകത്തെമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് സിറ്റൗട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് ജീവനുണ്ടെന്ന് കണ്ട സൗജത്ത് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണംഉറപ്പുവരുത്തി. ഇതിനുശേഷമാണ് അയല്‍വാസികളെ വിവരമറിയിച്ചത്.
കസ്റ്റഡിയും അറസ്റ്റും…
സൗജത്തിന്റെ മൊഴിയില്‍ തുടക്കംമുതലേ വൈരുദ്ധ്യമുണ്ടായിരുന്നതിനാല്‍ പോലീസ് ഇവരെ മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തിരുന്നു. ഇതോടെയാണ് ബഷീറുമായുള്ള ബന്ധവും കൊലപാതകത്തിന്റെ ആസൂത്രണവും വെളിച്ചത്തായത്. അതിനിടെ, കൃത്യം നടത്തിയശേഷം ബഷീര്‍ മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് രക്ഷപ്പെടുകയും ചെയ്തു. നാലാം തീയതി പുലര്‍ച്ചെയോടെ ഓമച്ചപ്പുഴയില്‍നിന്ന് കാറില്‍ മംഗളൂരുവിലേക്ക് പോയ ബഷീറും സൂഫിയാനും കണ്ണൂരിലെ ട്രാവല്‍സില്‍നിന്നാണ് വിമാനടിക്കറ്റ് എടുത്തത്.
തുടര്‍ന്ന് സൂഫിയാന്‍ തന്നെ ബഷീറിനെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ബഷീര്‍ ദുബായിലേക്ക് പറന്ന് മണിക്കൂറുകള്‍ക്കകം പോലീസ് സംഘം സൂഫിയാനെ കാസര്‍കോട്ട് നിന്നും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കാവശ്യമായ സഹായം നല്‍കിയ ഇയാള്‍ കൊലപാതകത്തില്‍നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതിയായ ബഷീറിനെ പിന്നീട് വിദേശത്തുനിന്ന് തിരിച്ചെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക