അകത്തോ പുറത്തോ; അര്‍ജൻ്റീനക്ക് ഇന്ന് നിർണായക ദിനം
ജയിച്ചാല്‍ അകത്ത്, തോറ്റാല്‍ പുറത്ത്, സമനിലയാണെങ്കില്‍ രണ്ടിനും സാധ്യത. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത് കരുത്തുമുഴുവന്‍ പുറത്തെടുക്കുകയെന്ന തന്ത്രം മാത്രം. പോളണ്ടാണ് എതിരാളി. മറ്റൊരു നിര്‍ണായക മത്സരത്തില്‍ സൗദി അറേബ്യ മെക്സിക്കോയെ നേരിടും. രണ്ടുമത്സരങ്ങളും ബുധനാഴ്ച രാത്രി 12.30-ന്.
ആദ്യകളിയില്‍ സൗദിയോട് തോല്‍ക്കുകയും രണ്ടാം കളിയില്‍ മെക്സിക്കോയെ തോല്‍പ്പിക്കുകയും ചെയ്ത അര്‍ജന്റീനയ്ക്ക് മൂന്ന് പോയന്റാണുള്ളത്. പോളണ്ടിന് നാലും. സൗദിക്ക് മൂന്നും മെക്സിക്കോക്ക് ഒന്നും പോയന്റുണ്ട്. പോളണ്ടിനെ കീഴടക്കിയാല്‍ മെസ്സിക്കും സംഘത്തിനും മറ്റൊന്നും നോക്കേണ്ട കാര്യമില്ല. പ്രീക്വാര്‍ട്ടറിലെത്തും.
അര്‍ജന്റീനയും പോളണ്ടും സമനിലയായാല്‍ സൗദി അറേബ്യ-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യത. സൗദിയും മെക്‌സിക്കോയും സമനിലയായാല്‍ അര്‍ജന്റീന കയറും. സൗദിയുടെ ജയവും മെക്സിക്കോയുടെ നാലുഗോള്‍ വ്യത്യാസത്തിലുള്ള ജയവും അര്‍ജന്റീനയുടെ വഴിമുടക്കും. പോളണ്ടിന് തോല്‍ക്കാതിരുന്നാല്‍ മുന്നേറാം. തോറ്റാല്‍ രണ്ടാമത്തെ മത്സരഫലത്തെ ആശ്രയിക്കണം.
ഗ്രൂപ്പ് ഡിയില്‍ രാത്രി 8.30ന് നടക്കുന്ന മത്സരങ്ങളില്‍ ടുണീഷ്യയും ഫ്രാന്‍സും, ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. ഫ്രാന്‍സ് നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമാണ്. ഈ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരമാണ് നിര്‍ണായകം. വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. സമിനലയാണെങ്കിലും അവര്‍ക്ക് സാധ്യതയുണ്ട്. അതേസമയം ഡെന്‍മാര്‍ക്കിന് വിജയം അനിവാര്യമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക