കുപ്രസിദ്ധ അന്താരാഷ്ട്ര കൊക്കെയ്ന്‍ വ്യാപാര സംഘം പിടിയില്‍; പിടിയിലായത് 6 രാജ്യങ്ങളിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ

കൊക്കെയ്ന്‍ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ സംഘത്തെ തകര്‍ത്ത് പൊലീസ്. ആറു രാജ്യങ്ങളിലായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഈ മാസം എട്ടു മുതല്‍ 19 വരെ യൂറോപ്പിലും യുഎഇയിലും ഓപ്പറേഷന്‍ ഡെസേര്‍ട്ട് ലൈറ്റ് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനില്‍ 49 പേര്‍ അറസ്റ്റിലായതായി യൂറോ പോള്‍ അറിയിച്ചു.

സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളില്‍ യൂറോപോളിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ 30 ടണ്ണിലേറെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ നേതൃത്വത്തില്‍ യൂറോപ്പിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍ ഇറക്കുമതി നടന്നിരുന്നതായി യൂറോ പോള്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് നെതര്‍ലാന്‍ഡ്‌സില്‍ നിന്നാണ്. 14 പേരാണ് ഇവിടെ  പിടിയിലായത്. ആറു കുപ്രസിദ്ധ കുറ്റവാളികളെ ദുബൈയിലും പിടികൂടി. അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതില്‍ എമിറേറ്റ്‌സ് പ്രധാന പങ്കുവഹിച്ചെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിലുമുള്ള യുഎഇയുടെ പരിശ്രമങ്ങള്‍ക്ക് തെളിവാണ് ഈ ഓപ്പറേഷനെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!