ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വമ്പന്‍ വാഗ്ദാനവുമായി സൗദി ക്ലബ്ബ്; ചര്‍ച്ച ആരംഭിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ര്‍.
ലോകകപ്പിന് ശേഷം തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 225 മില്യണ്‍ ഡോളറാണ് (1800 കോടിയിലധികം രൂപ) 37-കാരനായ പോര്‍ച്ചുഗല്‍ ക്യാപ്റ്റന് അല്‍ നസ്ര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സിബിഎസ് സ്‌പോര്‍ട്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ള പുതിയ ഓഫര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 75 മില്യണ്‍ ഡോളറാകും ഈ ഓഫര്‍ അനുസരിച്ച് താരത്തിന് ലഭിക്കുക.
തന്റെ അഞ്ചാം ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയ്ക്കായി അല്‍ നസ്ര്‍ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാലിത്തവണ അവരുടെ താത്പര്യം എന്നത്തേക്കാളും ശക്തമാണെന്നും സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റൊണാള്‍ഡോ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ കരാര്‍ അന്തിമമാക്കുന്നതിന് കുറച്ച് കാലതാമസം വേണ്ടി വരുമെന്നും സിബിഎസ് സ്‌പോര്‍ട്‌സ് ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് പരസ്പര ധാരണയോടെ റൊണാള്‍ഡോ ക്ലബ്ബ് വിടുന്നതായി മാഞ്ചസ്റ്റര്‍ അറിയിച്ചത്. ക്ലബ്ബിനെതിരെ താരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക