കോളറ ആശങ്കയിൽ പ്രവാസികൾ; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്തില്‍ കോളറ പടരുന്ന സാഹചര്യം നിലവില്‍ ഇല്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം. സാഹചര്യം നിയന്ത്രണവിധേയമാണെന്നും യാത്രാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോളറ പടര്‍ന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണെങ്കില്‍ സ്വദേശികളും താമസക്കാരും ജാഗ്രത പുലര്‍ത്തണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കോളറ പടരുന്ന ഏതെങ്കിലും രാജ്യത്ത് നിന്ന് തിരികെയെത്തി ഏഴു ദിവസത്തിനുള്ളില്‍ വയറിളക്കവും കടുത്ത പനിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
അയൽരാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവെന്നും നിലവിൽ കുവൈത്തിന്റെ സ്ഥിതി സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു. ജലസ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെയും ശുചീകരണത്തിന്റെയും ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഇതുവരെ കോളറയുടെ ഒരൊറ്റ കേസ് മാത്രമാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
അത് കുവൈത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് ശേഷം രോഗം ബാധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ പാലിച്ച് കോൺടാക്റ്റുകൾ ട്രാക്ക് ചെയ്യുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും അൽ സനദ് വിശദീകരിച്ചു. രോഗ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കൈകൾ നന്നായി കഴുകുക, വെള്ളം, ജ്യൂസുകൾ എന്നിവ സ്വയം പായ്ക്ക് ചെയ്യുക, ഭക്ഷണം തയ്യാറാക്കുമ്പോൾ തിളപ്പിച്ചതോ കുപ്പിവെള്ളമോ ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, സ്വയം പാചകം ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ പാലിച്ച് ജാഗ്രത തുടരാണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അയല്‍ രാജ്യത്തു നിന്ന് അടുത്തിടെ കുവൈത്തില്‍ മടങ്ങിയെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റി ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക