രണ്ടാം മിനിറ്റിലെ ഞെട്ടൽ മാറ്റി രണ്ടെണ്ണം തിരിച്ചടിച്ച് ക്രൊയേഷ്യ; ആദ്യ പകുതിയിൽ മുന്നിൽ

ഫിഫ ലോകകപ്പിൽ കാനഡയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു മുന്നിൽ. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അൽഫോൻസോ ഡേവിസിലൂടെ കാനഡ മുന്നിലെത്തിയപ്പോൾ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മറുപടി നൽ‌കിയത്. ആന്ദ്രേജ് ക്രമാരിച് (36), മാര്‍കോ ലിവാജ (44) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകൾ നേടിയത്.

തേജോൺ ബുചാനൻ പെനൽറ്റി ഏരിയയിലേക്ക് ക്രൊയേഷ്യ താരങ്ങളായ ലോവ്റൻ, ജുറാനോവിച്ച് എന്നിവർക്കിടയിലൂടെ നൽകിയ ക്രോസിലായിരുന്നു കാനഡയുടെ ഗോൾ പിറന്നത്. ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. ലോകകപ്പിൽ കാന‍ഡയുടെ ആദ്യ ഗോളാണിത്.

ഗോൾ വീണതോടെ റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഒന്നു വിറച്ചെങ്കിലും വൈകാതെ ആക്രമണങ്ങളുമായി മുന്നേറി. അതിനുള്ള ഫലം ലഭിച്ചത് 36–ാം മിനിറ്റിൽ. കാനഡ പെനൽറ്റി ഏരിയയുടെ ഇടതു മൂലയിലൂടെ ഇവാൻ പെരിസിച്ചിന്റെ മുന്നേറ്റത്തിൽ ആന്ദ്രേജ് ക്രമാരിചിന് പാസ് നൽകി. ആത്മവിശ്വാസത്തോടെ ക്രമാരിച് പന്ത് വലയിലെത്തിച്ചു.

സമനില ഗോൾ നേടി എട്ടു മിനിറ്റുകൾക്കപ്പുറമാണ് ക്രൊയേഷ്യ മത്സരത്തിൽ ആദ്യമായി ലീഡെടുത്തത്. കാന‍‍ഡയുടെ പെനൽറ്റി ഏരിയയിൽ പന്തു ലഭിച്ച ജുറാനോവിചിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു കാനഡയുടെ കമാൽ മില്ലർ. പന്ത് ഒരിക്കൽ കൂടി കിട്ടിയതോടെ ജുറാനോവിച് പ്രതിരോധ താരങ്ങളെ കടന്ന് ലിവാജയ്ക്കു പാസ് നൽകി. ലിവാജയിലൂടെ ക്രൊയേഷ്യ മുന്നിൽ.

ആദ്യ മത്സരത്തിൽ ബൽജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡയ്ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ തീരു.

കാനഡ പ്ലേയിങ് ഇലവൻ(3-4-3): മിലാൻ ബോര്‍ജാൻ, അലിസ്റ്റർ ജോണ്‍സ്റ്റന്‍, സ്റ്റെവാൻ വിറ്റോറിയ, കമാൽ മില്ലർ, റിച്ചീ ലേറിയ, അതിബ ഹച്ചിൻസൻ, സ്റ്റീഫൻ യുസ്റ്റാക്യോ, അൽഫോൻസോ ഡേവിസ്, തേജൻ ബുച്ചാനൻ, കൈൽ ലാറിൻ, ജൊനാഥൻ ഡേവിഡ്.

ക്രൊയേഷ്യ പ്ലേയിങ് ഇലവൻ (4-3-3): ഡൊമിനിക് ലിവാകോവിച്, ബോണ സോസ, ജോസ്കോ ഗ്വാർഡിയോൽ, ദേജൻ ലോവ്റൻ, ജോസിപ് ജുറാനോവിച്, മതിയോ കൊവാചിച്, മാർസെലോ ബ്രോസോവിച്, ലുക്കാ മോഡ്രിച്, ഇവാന്‍ പെരിസിച്, ആന്ദ്രേജ് ക്രമാരിച്, മാര്‍കോ ലിവാജ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!