500 രൂപ 20 രൂപയാക്കി മാറ്റി; യാത്രക്കാരനെ കബളിപ്പിച്ച റെയില്‍വെ ജീവനക്കാരന്‍ ക്യാമറയില്‍ കുടുങ്ങി – വീഡിയോ

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തിയ യാത്രക്കാരനെ തന്ത്രപരമായി കബളിപ്പിച്ച് പണംതട്ടാന്‍ ശ്രമിച്ച റെയില്‍വെ ജീവനക്കാരന്‍ കുടുങ്ങി. ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ ചൊവ്വാഴ്ചയാണ് സംഭവം. ജീവനക്കാരന്‍ കബളിപ്പിക്കുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും റെയില്‍വിസ്‌പേഴ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം റെയില്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരെ ശിക്ഷാനടപടി സ്വീകരിച്ചതായി റെയില്‍വെ അറിയിച്ചു. ഗ്വാളിയര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സഞ്ചരിക്കുന്നതിനുള്ള ടിക്കറ്റെടുക്കാനാണ് യാത്രക്കാരന്‍ 500 രൂപയുടെ നോട്ട് നല്‍കിയത്. എന്നാല്‍ കൗണ്ടറിലിരിക്കുന്നയാള്‍ ആ നോട്ട് വിദഗ്ധമായി തന്റെ മറ്റേകൈയിലുള്ള ഇരുപത് രൂപയുടെ നോട്ടുമായി മാറുന്നതും ആ കൈ പുറകിലേക്ക് മാറ്റിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം ഇരുപത് രൂപയുടെ നോട്ട് കാണിച്ച് ടിക്കറ്റ്‌നിരക്ക് 125 രൂപയാണെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടൊണ് റെയില്‍വെയുടെ കണ്ണുതുറന്നതും ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതും.

 

 

വീഡിയോ വൈറലായതോടെ സമാനമായ അനുഭവം നേരിട്ടതായി വെളുപ്പെടുത്തി ചിലര്‍ രംഗത്തെത്തി. ചെന്നൈയില്‍ പലതവണ ഇത്തരത്തില്‍ സംഭവിച്ചതായി ഒരാള്‍ ട്വീറ്റിന് മറുപടി നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് റെയില്‍വെ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും ട്വിറ്റര്‍ ഉപയോക്താവ് ആരോപിച്ചു. ഇത്തരത്തിലുള്ള മായാജാലം ആദ്യമായാണ് കാണുന്നതെന്നും ഈ ദൃശ്യം ഒരു പക്ഷെ പകര്‍ത്തിയിരുന്നില്ലെങ്കില്‍ ആരുമറിയാതെ പോകുമായിരുന്നുവെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരനെതിരെ നടപടി വേണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

 

അതിനിടെ, തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ സേവ ട്വീറ്റിലൂടെ അറിയിച്ചു. ഈ ട്വീറ്റിന് മറുപടിയായി ജീവനക്കാരനെതിരെ ശിക്ഷാനടപടി സ്വീകരിച്ചതായി ഡിആര്‍എം ട്വീറ്റ് ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!