വീട് വാടകക്ക് എടുത്ത് ചൂതാട്ട കേന്ദ്രം നടത്തി; പ്രവാസികള്‍ക്ക് ശിക്ഷ
ദുബൈയില്‍ വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ടം നടത്തിയ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ നാല് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഇവിടെ ചൂതാട്ടം നടത്താന്‍ എത്തിയ 18 പേര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ലഭിച്ചു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു സംഭവം. ദുബൈയിലെ ഒരു വില്ല കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം പൊലീസ്, വില്ല റെയ്‍ഡ് ചെയ്‍തു.
ഒരുകൂട്ടം ആളുകളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ഒരു പണപ്പെട്ടിയും ടെലിവിഷന്‍ സ്‍ക്രീനും ചൂതാട്ടത്തിന് ഉപയോഗിച്ച ഒരു മേശയും കണ്ടെടുത്തു. പൊലീസ് എത്തുമ്പോള്‍ മേശപ്പുറത്ത് 21,000 ദിര്‍ഹം ഉണ്ടായിരുന്നു. പണവും മറ്റ് സാധനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവിടെയുണ്ടായിരുന്നവരെ കൈയോടെ പിടികൂടുകയും ചെയ്‍തു.
വിചാരണ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ദുബൈ ക്രിമിനല്‍ കോടതി കേസില്‍ വിധി പറഞ്ഞത്. വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ട കേന്ദ്രമാക്കി മാറ്റിയ നാല് പേര്‍ക്ക് ഒരു വര്‍ഷം തടവും ഇവിടെയെത്തി ചൂതാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് മൂന്ന് മാസം വീതം ജയില്‍ ശിക്ഷയുമാണ് ലഭിച്ചത്.
പ്രതികള്‍ ഒരോരുത്തരും ഒരു ലക്ഷം ദിര്‍ഹം പിഴ അടയ്ക്കണം. ജയില്‍ ശിക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. അപ്പാര്‍ട്ട്മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്യാനും വിധിയില്‍ പറയുന്നു. നിയമപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനെ ബോധ്യപ്പെടുത്തുന്നത് വരെ അപ്പാര്‍ട്ട്മെന്റ് പൂട്ടിയിടാനാണ് കോടതിയുടെ ഉത്തരവ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക