ലോകകപ്പ്: പെനാല്‍റ്റി പാഴാക്കി സൗദി, ആദ്യ പകുതിയില്‍ പോളണ്ട് മുന്നില്‍ (1-0)

സമനില പിടിക്കാനുള്ള സുവര്‍ണാവസരം പാഴാക്കി സൗദി, ഇരട്ട സേവുകളുമായി ആരാധകരെ അമ്പരപ്പിച്ച് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നി.. സംഭവബഹുലമായ പോളണ്ട്-സൗദി അറേബ്യ മത്സരം ആദ്യ പകുതി പിന്നിടുന്നു.. പിയോറ്റര്‍ സിയെലെന്‍സ്‌കി നേടിയ ഒരു ഗോളിന്റെ ബലത്തില്‍ പോളണ്ട് ആദ്യ പകുതിയില്‍ സൗദിയ്‌ക്കെതിരേ മുന്നില്‍.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണഫുട്‌ബോളാണ് സൗദി അറേബ്യ കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോള്‍മുഖത്ത് ഇരച്ചുകയറി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സൗദിയ്ക്ക് സാധിച്ചു. 12-ാം മിനിറ്റില്‍ സൗദിയുടെ കാന്നോയുടെ ഗോളെന്നുറച്ച ഉഗ്രന്‍ ലോങ് റേഞ്ചര്‍ പോളണ്ട് ഗോള്‍കീപ്പര്‍ സെസ്‌നി ഒരുവിധം രക്ഷപ്പെടുത്തിയെടുത്തു.

സൗദി അറേബ്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോളണ്ടിന് നിരവധി ഫൗളുകള്‍ നടത്തേണ്ടിവന്നു. അതിന്റെ ഫലമായി ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ മൂന്ന് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് കണ്ടത്.

ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൗദിയെ ഞെട്ടിച്ചുകൊണ്ട് പോളണ്ട് മത്സരത്തില്‍ ലീഡെടുത്തു. 39-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയാണ് ടീമിനായി വലകുലുക്കിയത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച സിയെലെന്‍സ്‌കി തകര്‍പ്പന്‍ ഫിനിഷിലൂടെ വലതുളച്ചു.

44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാല്‍ താരത്തിന്റെ പെനാല്‍ട്ടി കിക്ക് ഗോള്‍കീപ്പര്‍ സെസ്‌നി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. പന്ത് റീബൗണ്ടായി എത്തിയത് മറ്റൊരു സൗദി താരമായ അല്‍ ബുറൈക്കിന്റെ കാലിലേക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് ബുറൈക്ക് നിറയൊഴിച്ചെങ്കിലും സെസ്‌നി അവിശ്വസനീയമായി അതും തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!