ഡെൻമാർക്കിനെയും കീഴടക്കി ഫ്രഞ്ചുപട; വിജയം 2–1ന്, ഫ്രാന്‍സ് പ്രീക്വാർട്ടറിൽ

കരുത്തരായ ഡെന്മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡെന്മാർക്കിനെ വീഴ്ത്തിയത്. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഓസ്‌ട്രേലിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഡെന്മാര്‍ക്കിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വെച്ച് കളിച്ച ഡെന്മാര്‍ക്ക് മുന്നേറ്റങ്ങളും നടത്തി. കിട്ടിയ അവസരങ്ങളില്‍ ഫ്രാന്‍സും മുന്നേറിക്കൊണ്ടിരുന്നു. 21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഫ്രാന്‍സിന് അവസരം കിട്ടിയെങ്കിലും ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ സേവുമായി മികച്ചുനിന്നു. സൂപ്പര്‍താരം ഡെംബലയുടെ ക്രോസ്സില്‍ നിന്നുള്ള അഡ്രിയാന്‍ റാബിയോട്ടിന്റെ ഉഗ്രന്‍ ഹെഡ്ഡര്‍ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി.

ഫ്രാന്‍സ് വീണ്ടും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 33-ാം മിനിറ്റില്‍ ഫ്രാന്‍സിന് മികച്ച അവസരം കിട്ടി. എന്നാല്‍ ഗ്രീസ്മാന്റെ ഷോട്ട് ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ സേവ് ചെയ്തു. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ഡെന്മാര്‍ക്ക് പ്രതിരോധം ഭേധിക്കാനായില്ല. 40-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം എംബാപ്പേയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ സൂപ്പര്‍താരം മാര്‍ട്ടിന്‍ ബ്രൈത്ത്‌വെയ്റ്റിനെ കളത്തിലിറക്കിയ ഡെന്മാര്‍ക്ക് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. പെനാല്‍റ്റി ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടേയിരുന്നു. ഡെന്മാര്‍ക്ക് താരങ്ങള്‍ പലതവണ ഓഫ്‌സൈഡായി. എന്നാല്‍ ഫ്രാന്‍സും ഗോളടിക്കാന്‍ മുന്നേറ്റങ്ങള്‍ക്ക് വേഗം കൂട്ടി. എംബാപ്പേയും ഗ്രീസ്മാനും ഡെന്മാര്‍ക്ക് പെനാല്‍റ്റി ബോക്‌സില്‍ പലതവണ കയറിയിറങ്ങി.

56-ാം മിനിറ്റില്‍ എംബാപ്പേയുതിര്‍ത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഷ്‌മൈക്കേല്‍ മികച്ച സേവിലൂടെ തട്ടിയകറ്റി. 59-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം കിട്ടി. എന്നാല്‍ ഗ്രീസ്മാന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി. മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് ലീഡെടുത്തു. മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്ന് ഒളിവര്‍ ജിറൂഡ് നല്‍കിയ പാസ് സ്വീകരിച്ച എംബാപ്പേയ്ക്ക് പിഴച്ചില്ല. കാസ്പര്‍ ഷ്‌മൈക്കേലിനേയും മറികടന്ന് വലയിലേക്ക് പതിച്ചു.

ഫ്രാന്‍സിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. എട്ടുമിനിറ്റിനകം ഡെന്‍മാര്‍ക്ക് തിരിച്ചടിച്ചു. ഉഗ്രന്‍ ഹെഡ്ഡറിലൂടെ ഡെന്മാര്‍ക്ക് പ്രതിരോധതാരം ക്രിസ്റ്റിയന്‍സണ്‍ വലകുലുക്കി. ഡെന്മാര്‍ക്ക് പിന്നേയും ആക്രമണങ്ങള്‍ തുടര്‍ന്നു. 72-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന് മുന്നിലെത്താനുള്ള അവസരം കിട്ടിയെങ്കിലും മികച്ച സേവുമായി ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ചാമ്പ്യന്‍മാരുടെ രക്ഷയ്‌ക്കെത്തി.

പിന്നീടങ്ങോട്ട് ഫ്രാന്‍സ്, ഡെന്മാര്‍ക്ക് പെനാല്‍റ്റി ബോക്‌സില്‍ പലതവണ കയറിയിറങ്ങി. പക്ഷേ ഡെന്മാര്‍ക്ക് പ്രതിരോധം ഉറച്ചുനിന്നത് വിനയായി. എന്നാല്‍ 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്ക് പ്രതിരോധം ഒരിക്കല്‍ കൂടി ഭേദിച്ചു. എംബാപ്പേയാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. ഗ്രീസ്മാന്റെ ക്രോസ്സില്‍ നിന്ന് എംബാപ്പേ അനായാസം വലകുലുക്കി. വിജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!