ഉംറ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ബുധനാഴ്ച മദീനയിലാണ് അപകടം ഉണ്ടായത്. ജോര്‍ദാന്‍ സ്വദേശിയും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം. അപകട വിവരം അറിഞ്ഞ സൗദി രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നതായി റിയാദിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതാം ഖത്താബ് പറഞ്ഞു.

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. അല്‍ ബാഹ പ്രവിശ്യയിലെ അല്‍ ഖുറയിലായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്‍തിരുന്നവരാണ് മരിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.

പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. റെഡ് ക്രസന്റിന്റെ രണ്ട് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!