സൗദി-അർജൻ്റീന മത്സരത്തിനിടെ സൗദി താരം അലി അൽ ബുലൈഹി, മെസ്സിയുടെ തോളിൽ തട്ടി പറഞ്ഞ ആ രഹസ്യം ഇതായിരുന്നു-വീഡിയോ

ഖത്തർ ലോകകപ്പിൽ സൌദി-അർജൻ്റീന മത്സരത്തിനിടെ, സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി പറഞ്ഞതെന്തായിരിക്കാം. ഇന്നലെ കളി കണ്ടത് മുതൽ ആരാധകർ അന്വേഷിക്കുന്ന ചോദ്യത്തിന് മറപടി പറഞ്ഞ് സൌദി താരം അൽ ബുലൈഹി തന്നെ രംഗത്തെത്തി.

നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്നായിരുന്നു താൻ മെസ്സിയോട് പറഞ്ഞതെന്ന് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി വ്യക്തമാക്കി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. ‘ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങള്‍ വിജയിക്കില്ല!’ മെസിയോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

മത്സരത്തില്‍ സൗദി മുന്നില്‍ നില്‍ക്കുമ്പോള്‍ അലി അല്‍ ബുലൈഹി പിന്നില്‍ നിന്ന് മെസ്സിയുടെ തോളില്‍ തട്ടി എന്തോ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബുലൈഹി സംസാരിക്കുമ്പോള്‍ മെസ്സി ചെറുതായി ചിരിക്കുന്നതും കാണാം. തുടര്‍ന്ന് അര്‍ജന്റീനിയന്‍ ടീമംഗങ്ങള്‍ അദ്ദേഹത്തിന് അടുത്തെത്തുന്നതും ദൃശ്യത്തിലുണ്ട്. മത്സരം അവസാനിക്കാന്‍ 35 മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് സംഭവം. മത്സരശേഷമാണ് എന്താണ് പറഞ്ഞതെന്നകാര്യം ബുലൈഹി വ്യക്തമാക്കിയത്. മെസ്സി അതിനെ ചിരിച്ച് തള്ളുന്നതായി വീഡിയോയിൽ വ്യക്തമാണെങ്കിലും, മെസ്സി പടയുടെ ആത്മവിശ്വാസം തകർക്കാൻ ഇതിനേക്കാൾ വലിയ മറ്റൊരു ആയുധമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോകറാങ്കിങ്ങില്‍ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യയാണ് റാങ്കിങ്ങില്‍ മൂന്നാമതുള്ള മെസ്സിപ്പടയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചത്. സൗദിക്കെതിരേ മെസ്സിയുടെ പെനാല്‍റ്റിഗോളില്‍ ഇടവേളവരെ അര്‍ജന്റീനയായിരുന്നു മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേടിയ ഇരട്ടഗോളുകള്‍ക്ക് സൗദി അട്ടിമറി ഉറപ്പിച്ചു. സാലേഹ് അല്‍ ഷെഹ്രിയും സാലേം അല്‍ദൗസരിയും സൗദിക്കുവേണ്ടി സ്‌കോര്‍ ചെയ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share
error: Content is protected !!