ലോകകപ്പിൽ ഇന്ന് സൗദി-അർജൻ്റീന മത്സരം; സൗദിയിൽ ഇന്ന് ജോലി 12 മണിവരെ മാത്രം

ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ആദ്യ കളിയിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. കളികാണാൻ സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് സർക്കാർ ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ അനുമതി നൽകി കൊണ്ട് രാജകീയ ഉത്തരവിറങ്ങി. സ്വകാര്യ മേഖലയിലും പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചക്ക് ഒരു മണിക്കാണ് സൗദി ദേശീയ ടീമിന്റെ പോരാട്ടം. ഗ്രൂപ്പ് സി വിഭാഗത്തിൽ ദോഹയിലെ ലുസൈർ സ്റ്റേഡിയത്തിലാണ് സൌദി ടീം അർജൻ്റീനയെ നേരിടുക. ഇത് ആറാം തവണയാണ് സൌദി ദേശീയ ടീം ലോകകപ്പിൽ മത്സരിക്കുന്നത്. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തന്നെ സൗദിയിൽ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങൾ ഖത്തറിലേക്ക് പറന്ന് തുടങ്ങി.

കൂടാതെ റോഡ് മാർഗം പോകുന്നവർക്കായി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സൽവാ അതിർത്തിയിലും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളൊരുക്കിയാണ് യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. നൂറ് കണക്കിന് മലയാളികളും സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഒഴുകി തുടങ്ങി.

സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് ജോലി അവസാനിപ്പിക്കാനാണ് രാജകൽപ്പന. സ്വാകര്യ മേഖലയിലും ഇന്ന് ജീവനക്കാരുടെ ഹാജർ കുറയും. പല സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ചിലർ ഓഫീസുകളിൽ തന്നെ കളികാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ജനങ്ങൾക്ക് കളികാണാൻ കൂറ്റൻ സ്ക്രീനുകളും സ്ഥാപിച്ചു. റിയാദ് ഗവർണറേറ്റിന് കീഴിൽ മാത്രം 35 കേന്ദ്രങ്ങളിലായി 27,400 സീറ്റുകളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.

ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങളാണ് അറങ്ങേറുക. ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഇന്ന് സൌദിക്കെതിരെ  അര്‍ജന്‍റീനയുടെ ആദ്യ മത്സരം. സൌദി സമയം ഉച്ചക്ക് 1 മണി അഥവാ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് സൌദി അർജൻ്റീന പോരാട്ടം. സൌദി സമയം 4 അഥവാ ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. വൈകുന്നേരം സൌദി സമയം 7ന് അഥവാ ഇന്ത്യൻ സമയം രാത്രി 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടുമായും ഏറ്റുമുട്ടും.

ഇന്നത്തെ മത്സരങ്ങൾ ഇന്ത്യൻ സമയത്തിൽ:

അർജന്റീന X സഊദി അറേബ്യ – വൈകീട്ട് 3.30,
ഡെന്മാർക്ക് X ടുണീഷ്യ – വൈകീട്ട് 6.30,
മെക്സിക്കോ X പോളണ്ട് – രാത്രി 9.30,
ഫ്രാൻസ് X ഓസ്‌ട്രേലിയ-രാത്രി 12.30

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!