പെനാൽറ്റിയല്ല, ഓഫ്‌സൈഡില്ല, അർജൻ്റീനയെ തകർത്ത് അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി മുന്നിൽ (2–1)

കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെ ഞെട്ടിച്ച് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയുടെ വമ്പൻ തിരിച്ചടി. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.

ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉൾപ്പെടെ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ സൗദി ഗോൾമുഖം ആക്രമിച്ച അർജന്റീനയ്ക്കു ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനൽറ്റി. സൗദി ബോക്സിനുള്ളിൽ അർജന്റീന സമ്മർദ്ദം ചെലുത്തുന്നതിനിടെ അർജന്റീന താരം ലിയാൻഡ്രോ പരേദസിനെ സൗദിയുടെ അൽ ബുലയാഹി വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്ക്ക‌ൊടുവിലാണ് റഫറി അർജന്റീനയ്ക്ക് പെനൽറ്റി അനുവദിച്ചത്. കിക്കെടുത്ത മെസ്സി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

Share
error: Content is protected !!