36 മത്സരങ്ങള്‍, ഒടുക്കം കണ്ണീര്‍…, എവിടെയാണ് പിഴച്ചത്? അർജൻ്റീന എന്തെങ്കിലും ഒളിക്കുന്നുണ്ടോ?

90 മിനിറ്റുകൾക്കൊടുവിൽ ദോഹയിലെ തിങ്ങിനിറഞ്ഞ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നിന്നും കണ്ണീര്‍വാര്‍ത്തു തുടങ്ങിയ നക്ഷത്രകൂട്ടത്തിനടുവില്‍ ആ പതിനൊന്നുപേര്‍ തലതാഴ്ത്തി നിന്നു. വെളളവരയ്ക്ക്പുറത്ത് അവരുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ തലകുനിച്ചുനില്‍ക്കുന്ന അയാള്‍ക്കു മുന്നില്‍ ഒറ്റ ചോദ്യം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുളളൂ. എവിടെയാണ് പിഴച്ചത്.? എങ്ങനെയാണ് ആ പതിനൊന്ന് പോരാളികള്‍ ലോകകപ്പിന്റെ മഹാമൈതാനങ്ങളില്‍ നിരായുധരായി തിരിഞ്ഞുനടന്നത്.? ഉത്തരമില്ലാതെ അയാള്‍ക്കങ്ങനെ പോകാനാവില്ല. അവരുടെ സ്വപ്‌നങ്ങള്‍ കണ്മുന്നില്‍ മങ്ങലേറ്റ് മായുന്നത് ഹൃദയം പിളര്‍ന്ന വേദനയോടല്ലാതെ നോക്കിനില്‍ക്കാനാവില്ലല്ലോ.

 

 

36 മത്സരങ്ങള്‍ അപരാജിതരായി ലോകകപ്പിനിറങ്ങിയ സ്‌കലോണിക്കും സംഘത്തിനും താരതമ്യേന ‘ദുര്‍ബലരായ’ സൗദിക്കു മുന്നില്‍ ആ കുതിപ്പ് തുടരാനാകുമെന്നാണ് ആരാധകരെല്ലാം കരുതിയത്. അത് തടയാന്‍ മാത്രം കെല്‍പ്പുളള ഒരു നിര ലോകഫുട്‌ബോളില്‍ തന്നെ ഉണ്ടായിരുന്നില്ലല്ലോ. അയാളുടെ വരവും കുതിപ്പും ഒരാരാധകനും മറക്കാനാവില്ലല്ലോ.

സൗദിക്കുമുന്നില്‍ കളിയറിയാതെ അവര്‍ അനിവാര്യമായ പതനത്തിലേക്ക് പന്തുതട്ടി. മെസ്സിയുടെ ആദ്യ ഗോളിനു ശേഷം നിരവധി അവസരങ്ങള്‍ അര്‍ജന്റീനക്ക് കിട്ടി. താരതമ്യേന ദുര്‍ബലരായ സൗദിക്കെതിരേ അയാളുടെ തന്ത്രങ്ങള്‍ പാളി. മധ്യനിരയില്‍ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയില്‍ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീല്‍ഡര്‍മാരെ വിദഗ്ദമായി ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.

 

 

ഒരു ജനതയുടെ സ്വപ്നങ്ങളത്രയും പേറിയാണ് മെസ്സി തന്റെ അവസാന ലോകകപ്പിനിറങ്ങിയത്. ഒരു കിരീടത്തിനായുള്ള അവരുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് കോപ്പയിൽ അവസാനിപ്പിച്ച നായകനാണ് അയാള്‍. ഇത്തവണയും അയാളുടെ ബൂട്ടുകളിലൊളിപ്പിച്ചുവെച്ച അത്ഭുതം ലോകകപ്പിനിറങ്ങുന്ന ആല്‍ബിസെലസ്റ്റന്‍ പോരാളികള്‍ക്ക് ആത്മവിശ്വാസം തന്നെയാണ്.

സമീപകാലത്തായി മികച്ച ഫോമിലായിരുന്നു മെസ്സി കളിച്ചിരുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അര്‍ജന്റീനയ്ക്കായി ഗോളടിച്ചുകൂട്ടുന്ന മെസ്സി സ്വാഭാവികമായും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ 90-ലധികം ഗോളടിച്ച മെസ്സി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുമ്പോള്‍ ഗംഭീര പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്. 36-മത്സരങ്ങളില്‍ മെസ്സിപ്പട അപരാജിതരുമായിരുന്നു.
സൗദിക്കെതിരേ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വലകുലുക്കിയപ്പോള്‍ അയാള്‍ പ്രതീക്ഷയേകിയതാണ്. അതും ചരിത്രഗോളാണ് ആ ബൂട്ടുകളില്‍ നിന്നും പിറന്നത്. നാല് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമായി മെസ്സി മാറി. താരതമ്യേന ‘ദുര്‍ബലരായ’ സൗദിക്കെതിരേ ത്രൂ ബോളുകളിലൂടേ ഗോള്‍ നേടാന്‍ മാത്രമാണ് അര്‍ജന്റീന ശ്രമിച്ചത്. അതിനാല്‍ മെസ്സിയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കുറവായിരുന്നു.
രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സൗദി രണ്ടുതവണ വലകുലുക്കിയപ്പോള്‍ അയാള്‍ സ്വാഭാവികമായും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. മെസ്സിയുള്‍പ്പെടെ ആര്‍ക്കും സൗദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ചിലപ്പോഴൊക്കെ മെസ്സി പിറകോട്ടു വന്ന് അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പരിക്കിന്റെ പിടിയിലായ മെസ്സി ലോകകപ്പിന് മുമ്പ് ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. മത്സരത്തിന് മുമ്പ് മെസ്സി പൂര്‍ണമായും ശാരീരികക്ഷമത വീണ്ടെടുത്തില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നിരുന്നാലും മൈതാനത്ത് ഒന്നും ചെയ്യാനാകാതെ അയാള്‍ പതിവുപോലെ തലതാഴ്ത്തിമടങ്ങി.
ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേയും പോളണ്ടിനെതിരേയും അര്‍ജന്റീനയ്ക്ക് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ എന്തു വിലകൊടുത്തും മെസ്സിക്ക് ജയിച്ചേ മതിയാവൂ.
Share
error: Content is protected !!