സൗദിയുടെ നിശ്ചയദാർഢ്യം തുവൈഖ് പർവ്വതം പോലെയാണ്…സന്തോഷം പ്രകടിപ്പിച്ച് കിരീടവാകാശി, സൗദിയിലുടനീളം ആഘോഷം – വീഡിയോ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി അട്ടിമറി വിജയം നേടിയ സൗദി ടീമിനെ അഭിനന്ദിച്ച് കിരിടീവകാശി മുഹമ്മദ് ബിൻ സൽമാൻ. “സൗദി ടീമിൻ്റെ നിശ്ചയദാർഢ്യം തുവൈഖ് പർവ്വതം പോലെയാണ്… ആ മല ഇടിഞ്ഞ് നിലംപൊത്തിയാലല്ലാതെ അവരുടെ നിശ്ചദാർഢ്യം തകരില്ല”-കിരീടാവകാശി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ അർജൻ്റീനിയൻ ടീമിനെ നേരിട്ട് പരാജയപ്പെടുത്തിയ സൌദി ടീമിനെ കിരീടാവകാശി അഭിനന്ദിച്ചു. സൌദി ടീമീൻ്റെ വിജയത്തിൽ രാജ്യത്തൊട്ടാകെ ആഘോഷം ആംരംഭിച്ചിട്ടുണ്ട്.

 

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

 

 

 

ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.

 

 

സൌദി പതാക പുതച്ചാണ് ഖത്തർ അമീർ മത്സരം കാണാനെത്തിയത്

 

ആദ്യ പകുതിയിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുരുക്കിയ സൗദി, രണ്ടാം പകുതിയുടെ തുടക്കം മുതൽ കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. നേരത്തെ, സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്.

 

 

 

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ സൗദി ഗോൾമുഖം ആക്രമിച്ച അർജന്റീനയ്ക്കു ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനൽറ്റി. സൗദി ബോക്സിനുള്ളിൽ അർജന്റീന സമ്മർദ്ദം ചെലുത്തുന്നതിനിടെ അർജന്റീന താരം ലിയാൻഡ്രോ പരേദസിനെ സൗദിയുടെ അൽ ബുലയാഹി വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്ക്ക‌ൊടുവിലാണ് റഫറി അർജന്റീനയ്ക്ക് പെനൽറ്റി അനുവദിച്ചത്. കിക്കെടുത്ത മെസ്സി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

 

48–ാം മിനിറ്റിലാണ് അർജന്റീന ആരാധകരുടെ മനസ്സിൽ തീ കോരിയിട്ട് സൗദി ആദ്യ ഗോൾ‌ നേടിയത്. ഫെറാസ് അൽ ബ്രീകൻ നൽകിയ പാസ് പിടിച്ചെടുത്ത് അർജന്റീന ബോക്സിൽ കടന്ന സാല അൽ ഷെഹ്റി, ക്രിസ്റ്റ്യൻ റൊമേരോയേയും ഗോളിനു മുന്നിൽ കാവൽ നിന്ന എമിലിയാനോ മാർട്ടിനസിനെയും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതു മൂലയിൽ നിക്ഷേപിച്ചു. സ്കോർ 1–1.

 

 

സമനില ഗോളിന്റെ ഞെട്ടൽ മാറും മുൻപേ സൗദി ലീഡും പിടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് സാലെം അൽ ഡാവ്‌സാരി. ഇത്തവണ പന്തുമായി അർജന്റീന ബോക്സിൽ കടന്ന ഡാവ്സാരി, ഉള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് വലംകാൽ കൊണ്ട് തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനസിന്റെ കൈകളിൽ തട്ടി വലയിൽ കയറി. സ്കോർ 2–1.

 

 

നേരത്തെ, ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉൾപ്പെടെ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സൗദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ആദ്യ പകുതിയിൽ ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.

 

 

10–ാം മിനിറ്റിൽ നേടിയ ഗോളിനു ശേഷം 22–ാം മിനിറ്റിൽ തകർപ്പൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി മാർട്ടിനസ് പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.

 

ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്. അതിനു മുൻപു കളിച്ച 24 ലോകകപ്പ് മത്സരങ്ങളിൽ അർജന്റീന ആകെ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രമാണ്. 16 മത്സരങ്ങളിൽ ജയിച്ച അവർ, അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി.

റഷ്യൻ ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ അർജന്റീന തോറ്റിരുന്നു. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ അർജന്റീന, പിന്നീട് ഫ്രാൻസിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റ് പുറത്തായി. 1994നു ശേഷം ആദ്യമായാണ് അന്ന് അർജന്റീന ഒരു ലോകകപ്പിൽ രണ്ടു തോൽവി വഴങ്ങിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!