പൈനാപ്പിളിനകത്ത് കഞ്ചാവ്; യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ പിടിയിലായത്. ദുബൈ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പൈനാപ്പിള്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇതിലെന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് അവര്‍ യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തു. അപ്പോള്‍ പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി.  399 റോള്‍ കഞ്ചാവാണ് ഇതില്‍ നിന്ന് കണ്ടെത്തിയത്.

പിടികൂടിയ കഞ്ചാവിന് ആകെ  417.30 ഗ്രാം ഭാരമുണ്ട്.  കഞ്ചാവ് കണ്ടെത്തിയതോടെ യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ ദുബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!