ലോകം ഖത്തറിലേക്ക്; ഉദ്ഘാടനത്തിനു മണിക്കൂറുകൾ മാത്രം, അണിയറയിൽ ഒരുങ്ങുന്നത് വലിയ ‘സര്‍പ്രൈസുകള്‍’

ലോകം മുഴുവന്‍ ഖത്തറിന്റെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലേയ്ക്ക് മിഴി തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കും. 60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ പ്രാദേശിക സമയം അഞ്ചിനു ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും.

30 മിനിറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങില്‍ ഫുട്‌ബോള്‍ ലോകത്തിനായി വലിയ ‘സര്‍പ്രൈസുകള്‍’ ആണ് ഖത്തര്‍ ഒരുക്കുന്നത്. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക്, ഖത്തരി ഗായകന്‍ ഫഹദ് ഖുബൈസി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംഗീത വിസ്മയം തീര്‍ക്കുമെന്നത് മാത്രമാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് നടി നോറ ഫത്തേഹി, കൊളംബിയന്‍ ഗായകന്‍ ജെ ബാല്‍വിന്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

ദോഹ പ്രാദേശിക സമയം വൈകിട്ട് ഏഴിന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു മുതല്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറക്കും. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് മത്സരം കാണാന്‍ പ്രവേശനം.

ഖത്തറിന്റെ വിവിധ സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഖത്തറിലേയ്ക്ക് എത്തി കഴിഞ്ഞു. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ഡോ.സുധീഷ് ധന്‍കര്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

സൌദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്തറിലെത്തിയിട്ടുണ്ട്. ഊർജ മന്ത്രിയും കാബിനറ്റ് അംഗവുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, ദേശീയ മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ തുടങ്ങിയവരും ഖത്തറിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!