പറന്നുയർന്ന ഉടനെ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബെയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടനെ തിരിച്ചിറക്കി. സാങ്കേതിക തകരാർമൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഞായറാഴ്ച രാവിലെ മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നുയർന്നത്. രാലിലെ 6.13ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 581 വിമാനം 6:25 ന് തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂർ വിമാനം വൈകി. 114 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പൂർണമായ പരിശോധനകൾക്ക് ശേഷം തകരാർ പരിഹരിച്ച് 9.50ന് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
എയർ ഇന്ത്യയുടെ ഡൊമസ്റ്റിക് സർവീസിൽ ഇത്രെയും കാലതാമസം നേരിടുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനം മൂന്ന് മണിക്കൂർ വൈകിയത് യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ചില സീറ്റുകൾ പ്രവർത്തിക്കാത്തതിനാൽ സീറ്റ് അനുവദിക്കുന്നതിലെ പ്രശ്‌നമാണ് വിമാനം വൈകാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി. എന്നാൽ, കാലാവസ്ഥ മോശമായതിനാലാണ് വിമാനം വൈകിയതെന്നാണ് എയർ ഇന്ത്യ വിശദീകരിച്ചത്. അതേ സമയം ഉപയോഗശൂന്യമായ സീറ്റുകൾ യാത്രക്കാർക്ക് വിൽക്കരുതെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക