പകർച്ചപ്പനി: സൗദിയിൽ രണ്ട് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മരിച്ചു, സ്‌കൂളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ജിദ്ദ: പ്രവാസികളെ കണ്ണീരിലാഴ്ത്തി സൌദിയിൽ പിഞ്ചു മക്കളുടെ മരണം. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ട് വിദ്യാർഥികളാണ് പനിയും ന്യൂമോണിയയും ബാധിച്ച് മരിച്ചത്. എൽ.കെ.ജി വിദ്യാർഥി സയിദ് ഫർഹാനുദ്ദീൻ, രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ജോദ്പുരി എന്നീ വിദ്യാർഥികളാണ് മരിച്ചത്. കുട്ടികളുടെ മരണം രക്ഷിതാക്കളിലും അധ്യാപകരിലും ആശങ്ക വർധിപ്പിച്ചു. വിദ്യാർഥികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.

കുട്ടികളുടെ മരണത്തെ തുടർന്ന് ഇന്ന് മുതൽ സ്കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും മാസ്ക് ധരിക്കണമെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വൈറൽ പനി പടർന്നുപിടിക്കുന്ന സഹചര്യത്തിലാണ് തീരുമാനം.

പലതരം അസുഖബാധിതകരായ വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നുണ്ടെന്നും ഇത് മറ്റു കുട്ടികൾക്കും അസുഖം വരാൻ ഇടയാക്കുന്നുണ്ടെന്നും അതിനാൽ മാസ്ക് ധരിക്കാതെ കുട്ടികളെ സ്കൂളിലേക്കയക്കരുതെന്നും രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ പ്രിൻസിപ്പൽ പറയുന്നു.

പനി, ജലദോഷം തുടങ്ങിയ രോഗങ്ങളോ രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടതില്ല. ഇങ്ങിനെ അവധിയെടുക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ക്ലാസ് ഭാഗങ്ങളും ഹോം വർക്കുകളും അസൈൻമെന്റുകളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിക്കും.

പ്രത്യേകിച്ച് അസുഖങ്ങളോ രോഗലക്ഷണങ്ങളോ ഒന്നും ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

 

 

Share
error: Content is protected !!