സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലൻസ് പരിശോധന; കൈക്കൂലി പണവും മദ്യവും പിടിച്ചു; പണം വലിച്ചെറിഞ്ഞ് ജീവനക്കാര്‍
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി. കൈക്കൂലി പണവുമായി ഏജന്റുമാര്‍ വിജിലന്‍സ് പിടിയിലായി. പണവും മദ്യക്കുപ്പിയുമടക്കം പരിശോധനയില്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്നായി 1.5ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ചൊവ്വാഴ്ചയായിരുന്നു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വലിയ തോതില്‍ കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. വൈകീട്ട് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. പരിശോധനയ്ക്കിടെ കൈക്കൂലിപ്പണവുമായി എത്തിയ ഏജന്റുമാരെ വിജിലന്‍സ് കൈയ്യോടെ പിടികൂടി.
മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6,240 രൂപക്ക് പുറമേ ഒരുകുപ്പി വിദേശമദ്യവും പിടികൂടി. ബുക്ക് ഷെല്‍ഫുകള്‍ക്കിടയിലും മേശവലിപ്പിലുമുള്‍പ്പടെയാണ് കൈക്കൂലി പണം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും കണ്ടെത്തി. ഗൂഗിള്‍ പേയുള്‍പ്പെടെ യു.പി.ഐ. വഴിയും ഓണ്‍ലൈനായും ഏജന്റുമാര്‍ കൈക്കൂലി കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ആധാരം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടും വ്യാപകക്രമക്കേട് കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച ആധാരങ്ങള്‍ കക്ഷിക്ക് നേരിട്ടുനല്‍കണമെന്ന നിയമം മറികടന്ന് ആധാരം എഴുത്തുകാര്‍ മുഖേന കൈമാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാപക ക്രമക്കേടുകള്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുമെന്ന് വിജിലന്‍സ് മേധാവി എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക