‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ദിവസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു.

ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.

‘അംബേദ്കറെ നിയമന്ത്രിയാക്കാന്‍ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണ് നെഹ്‌റു. ആര്‍എസ്എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ്, വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാന്‍ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്സ്… നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’, സുധാകരന്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!