ഹുറൂബാക്കപ്പെട്ട പ്രവാസിക്ക് 1,80,000 റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
സൌദിയിൽ പ്രവാസിയായ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കി ഹുറൂബാക്കിയ തൊഴിലുടമ 1,80,000 റിയാൽ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണമന്ന് കോടതി ഉത്തരവിട്ടു. ഹുറൂബ് കേസിലകപ്പെട്ട പ്രവാസി തൊഴിലുടമക്കെതിരെ നൽകിയ പരാതിയിലാണ് കോടതി വിധി. തെക്കന്‍ പ്രവിശ്യയിലെ അപ്പീല്‍ കോടതിയാണ് തൊഴിലാളിക്ക് അനുകൂലമായി നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയോട് ആവശ്യപ്പെട്ടത്.
വര്‍ഷങ്ങളായി താൻ ഇദ്ദേഹത്തിന് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നുവെന്നും, തനിക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാനുമാണ് തൊഴിലുടമ ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കിയതെന്നും ഇദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
ഒളിച്ചോടിയതായി പറയപ്പെടുന്ന കാലത്തെ തൊഴിലാളിയുടെയും കുടുംബത്തിന്റെയും ചെലവും വീട്ടുവാടകയും അഭിഭാഷകനുള്ള ചെലവുമടക്കമാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം റിയാല്‍ നല്‍കാന്‍ കോടതി വിധിച്ചത്. യാതൊരു കാരണവുമില്ലാതെ തൊഴിലാളിയെ പിരിച്ചുവിട്ടത് കാരണം തൊഴില്‍ കരാര്‍ കാലാവധിയിലെ അവശേഷിക്കുന്ന കാലത്തെ ശമ്പളം നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ തൊഴിലാളി കേസ് ഫയല്‍ ചെയ്തു.
അന്യായമായി ഹുറൂബാക്കിയതിന് പത്ത് ലക്ഷം റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൊഴിലാളി കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വാദത്തിന് ശേഷം കേസ് തള്ളി. തുടര്‍ന്ന് കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം അപ്പീല്‍ കോടതിയെ സമീപിച്ചു. കാരണമില്ലാതെയാണ് തന്നെ പിരിച്ചുവിട്ടതെന്നും തൊഴില്‍ കരാറില്‍ എട്ട് മാസം കൂടി ബാക്കിയുണ്ടെന്നും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നില്ലെന്നും സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും ആനൂകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ഹുറൂബാക്കുകയായിരുന്നുവെന്നും ഇദ്ദേഹം അപ്പീലില്‍ ബോധിപ്പിച്ചു.
തുടര്‍ന്ന് സര്‍വീസ് ആനുകൂല്യങ്ങളും കരാര്‍ പ്രകാരമുള്ള ബാക്കി എട്ടുമാസത്തെ ശമ്പളവും നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ ഹുറൂബ് ആയ കാലത്ത് തനിക്ക് ജോലി ചെയ്യാനോ ഇഖാമ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ സാധിച്ചില്ലെന്നും തനിക്കും തന്റെ കുടുംബത്തിനും മാനസികമായും ശാരീരികമായും പ്രയാസമുണ്ടാക്കിയെന്നും വിദേശത്ത് പഠിക്കുന്ന തന്റെ മകള്‍ക്ക് ഇഖാമ പുതുക്കാനാവാത്തതിനാല്‍ 22 മാസം സൗദിയിലേക്ക് വരാന്‍ സാധിച്ചില്ലെന്നും അതിനാല്‍ 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വേണമെന്നും ഇദ്ദേഹം അപ്പീല്‍ കോടതിയില്‍ വീണ്ടും പരാതി നല്‍കി.
നേരത്തെ കോടതി അനുവദിച്ചത് തന്റെ സര്‍വീസ് ആനുകൂല്യങ്ങളാണെന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഹുറൂബാക്കിയതിനാല്‍ നഷ്ടപരിഹാരമാണെന്നും പരാതിയില്‍ വ്യക്തമാക്കി. വാദം കേട്ട ശേഷം കോടതി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ കോടതിയിലെ വിദഗ്ധരെ ചുമതലപ്പെടുത്തി. ഹുറൂബായി ഇദ്ദേഹം 13 മാസം കഴിഞ്ഞെന്നും അതിനാല്‍ എല്ലാ ചെലവുകളും സഹിതം 1,80,000 റിയാല്‍ നല്‍കണമെന്നും വിദഗ്ധര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് തൊഴിലുടമ ഈ സംഖ്യ നല്‍കണമെന്ന് അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
അന്യായമായി ഹുറൂബാക്കപ്പെടുന്ന പ്രവാസികൾ സാധാരണയായി സാമൂഹിക പ്രവർത്തകരുടേയും എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് പോകുകയാണ് പതിവ്. എന്നാൽ അത്തരക്കാർക്ക് നീതിപീഠത്തെ സമീപിക്കാമെന്നതിന് ഉദാഹരണമാണ് ഈ സംഭവം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക