വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; തകര്‍ന്നുവീണ വിമാനങ്ങള്‍ കത്തിയെരിഞ്ഞു – വീഡിയോ

ടെക്‌സാസ്: അമേരിക്കയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നടന്ന ‘കൊമെമ്മൊറേറ്റീവ് എയര്‍ഫോഴ്‌സ് വിങ്‌സ് ഓവര്‍ ഡാലസ്’ വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് അപകടം. ബോയിങ് ബി-17 ബോംബര്‍ വിമാനവും ഒരു ചെറുവിമാനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. താഴെ വീണ വിമാനങ്ങള്‍ കത്തിയെരിഞ്ഞു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് പേര്‍ മരണപ്പെട്ടുവെന്നാണ് വിവരം. വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാരുടെ അവസ്ഥയെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

വ്യോമാഭ്യാസ പ്രകടനം കാണാനെത്തിയവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അപകടം നടന്നത് എങ്ങനെയാണെന്ന് വ്യക്തമാണ്. വളരെ താഴ്ന്നു പറന്ന വലിയ ബി-17 ഹോംബര്‍ വിമാനത്തിന് മേല്‍ ചെറിയ വിമാനമായ ബെല്‍ പി-63 കിങ് കോബ്ര വന്നിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ തന്നെ ചെറിയ വിമാനം ചിതറുന്നത് വീഡിയോയില്‍ കാണാം. രണ്ടായി മുറിഞ്ഞ ബി-17 വിമാനം താഴെ വീണ് തീപ്പിടിക്കുകയും ചെയ്തു.

 

 

സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിക്ക് മേല്‍ വ്യോമാക്രമണം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിമാനമാണ് ബി-17. ഈ ഖ്യാതിക്കൊപ്പം ഏറ്റവും അധികം നിര്‍മിക്കപ്പെട്ട ബോംബര്‍ വിമാനങ്ങളിലൊന്ന് എന്ന നേട്ടവും ബി-17 വിമാനത്തിനുണ്ട്. പി-63 കിങ് കോബ്ര രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച വിമാനമാണ്. ബെല്‍ എയര്‍ക്രാഫ്റ്റ് ആണ് ഇത് വികസിപ്പിച്ചത്. സോവിയറ്റ് വ്യോമസേനയാണ് ഇത് ഉപയോഗിച്ചിരുന്നത്.

2017 ഒക്ടോബറില്‍ കണക്ടികട്ടിലെ വിന്‍ഡ്‌സര്‍ ലോക്ക്‌സ് വിമാനത്താവളത്തില്‍ നടന്ന മറ്റൊരു ബി-17 അപകടത്തില്‍ ഏഴ് പേര്‍ മരണപ്പെട്ടിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!