സ്വദേശിവൽക്കരണ നിബന്ധന പാലിക്കാന്‍ ഇനി 50 ദിവസം കൂടി മാത്രം ബാക്കി; പിഴ 15 ലക്ഷത്തിലധികം

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇനി ബാക്കിയുള്ളത് 50 ദിവസം കൂടി. വെള്ളിയാഴ്ച രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. സ്വദേശിവത്കണ നിബന്ധന ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കമ്പനികളെ അത് പൂര്‍ത്തിയാക്കാന്‍  മന്ത്രാലയം സഹായിക്കുമെന്നും പ്രസ്‍താവനയില്‍ പറയുന്നു.

സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.

അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കും. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക് പെര്‍മിറ്റ് ഫീസ്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കി നല്‍കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!