ഗ്രേസ് പീരിഡിലും മാറ്റം; പ്രവാസികള്‍ക്ക് വിസാ കാലാവധി അവസാനിച്ചാലും പിഴയില്ലാതെ താമസിക്കാവുന്ന കാലയളവ് വർധിപ്പിച്ചു

യുഎഇയില്‍ കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന വിസാ പരിഷ്‍കരണങ്ങളുടെ ഭാഗമായി ഗ്രേസ് പീരിഡിലും മാറ്റം വന്നിട്ടുണ്ട്.  ഇതനുസരിച്ച് വിസാ കാലാവധി അവസാനിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്‍താലും യുഎഇയില്‍ പിന്നെയും താമസിക്കാവുന്ന കാലയളവില്‍ വ്യത്യാസമുണ്ട്. നേരത്തെ 30 ദിവസമായിരുന്ന ഗ്രേസ് പീരിഡ് മിക്ക കാറ്റഗറികളിലും 60 ദിവസം മുതല്‍ 180 ദിവസം വരെയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പ്രവാസികള്‍ വിസ റദ്ദായാല്‍ ഗ്രേസ് പീരിഡ് അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസ എടുക്കുകയോ വേണം. വിവിധ കാറ്റഗറി വിസകളില്‍ ഗ്രേസ് പീരിഡ് വര്‍ദ്ധിപ്പിച്ച തീരുമാനം പ്രബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകളും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിലെയും കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിലെയും കസ്റ്റമര്‍ കെയര്‍ വിഭാഗവും അറിയിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം വിവിധ വിസകളുടെ ഗ്രേസ് പീരിഡ് ഇങ്ങനെ

ഗോള്‍ഡന്‍ വിസയുള്ളവര്‍, ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, ഗ്രീന്‍ വിസയുള്ളവര്‍, ഗ്രീന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതകള്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും രണ്ടും ലെവലുകളിലുള്ള സ്കില്‍ഡ് പ്രൊഫഷനലുകള്‍ തുടങ്ങിയവര്‍ക്ക് വിസാ കാലാവധി അവസാനിച്ചാലും 180 ദിവസം ഗ്രേസ് പീരിഡ് ലഭിക്കും.

യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് മൂന്നാം ലെവലിലുള്ള സ്കില്‍ഡ് പ്രൊഫഷനലുകള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്ക് 90 ദിവസമായിരിക്കും ഗ്രേസ് പീരിഡ്. സാധാരണ പ്രവാസികള്‍ക്ക് 60 ദിവസവും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 30 ദിവസവും ഗ്രേസ് പീരിഡ് ലഭിക്കും. ചില പ്രൊഫഷണലുകള്‍ക്ക് 180 ദിവസം ഗ്രേസ് പീരിഡ് അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ക്ക് 60 ദിവസം മാത്രമായിരിക്കും ഗ്രേസ് പീരിഡ് ലഭിക്കുക.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!