സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍
സൗദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ രാജ്യത്തെ ആശുപത്രികളില്‍ പരിശോധന നടത്തുന്നുണ്ട്. ചില ആശുപത്രികള്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഈ ആശുപത്രികള്‍ക്കെതിരെ നിയമാനുസൃതമായി നടപടികള്‍ സ്വീകരിച്ചു.
മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് ഫീസ് ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളിലും നടപടികള്‍ തുടരും. ആശുപത്രികളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അക്കാര്യം 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക