പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ജിദ്ദയിൽ കൂടുതൽ ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കുമോ? അധികൃതർ വിശദീകരിക്കുന്നു

നഗരത്തിൽ ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയിലെ കൂടുതൽ ഡിസ്ട്രിക്ടുകളിൽ കെട്ടിടങ്ങൾ ഏറ്റെടുത്ത് പൊളിച്ചുനീക്കില്ലെന്ന് നഗരസഭ അധികൃതർ വെളിപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള മറ്റ് പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഞ്ചു വർഷത്തിനുള്ളിൽ ജിദ്ദയിൽ ഏതാനും ഡിസ്ട്രിക്ടുകളിൽ കൂടി കെട്ടിടങ്ങൾ പൊളിച്ച് ചേരിവികസന പദ്ധതി നടപ്പാക്കുമെന്നും അൽറിയാദ് ടൗൺഷിപ്പിൽ മേൽപാലം നിർമിക്കുമെന്നും അവകാശപ്പെടുന്ന ചില വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല.

ചേരിവികസന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ സമീപിക്കണം. വിശ്വാസയോഗ്യമല്ലാത്ത വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അൽവസീരിയ, അൽഅജാവീദ്, അൽറഹൈലി ഡിസ്ട്രിക്ടുകൾ ഭാഗികമായും അൽജൗഹറ, അൽമആരിദ് ഡിസ്ട്രിക്ടുകൾ പൂർണമായും പൊളിച്ചുനീക്കി വികസന പദ്ധതി നടപ്പാക്കുമെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത്.

സൗദി അറേബ്യയില്‍ ജിദ്ദ നഗര വികസനത്തിനായി ചേരികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുതിയ സ്ഥലത്ത് താമസിക്കാനുള്ള വാടകയായി നല്‍കിയത് വൻ തുക. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട 18,000 കുടുംബങ്ങൾക്ക് വേണ്ടി 3.74 കോടി റിയാലാണ് വിതരണം ചെയ്തത്.

2021 ഒക്ടോബറിൽ പൊളിക്കൽ നടപടി തുടങ്ങിയത് മുതൽ ഇതുവരെ വിതരണം ചെയ്ത തുകയാണിത്. 17,900ത്തില്‍ അധികം കുടുംബങ്ങൾക്ക് വാടക നൽകുന്നതിലൂടെ പ്രയോജനം ലഭിച്ചതായും ശാക്തീകരണ പരിപാടികളിലൂടെ സാമൂഹിക സുരക്ഷയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 269 പേർക്ക് ജോലി നൽകാനും സാധിച്ചതായി കമ്മിറ്റി സൂചിപ്പിച്ചു.

കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രദേശങ്ങളിലെ പൗരന്മാർക്ക് താത്കാലിക പാർപ്പിടം, ഭക്ഷണ പദാർഥങ്ങൾ, ജലവിതരണം, ഭക്ഷണം, മരുന്നുകൾ എന്നിവർക്ക് പുറമേ, ശിശുപരിപാലനം, സാധനങ്ങൾ മാറ്റൽ തുടങ്ങിയ സൗജന്യ സേവനങ്ങളും നല്‍കിപ്പോരുന്നതായി കമ്മിറ്റി കൂട്ടിച്ചേർത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!