ഖത്തര്‍ ലോകകപ്പ്; ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ നമ്പര്‍ ക്രമീകരിച്ച് എംബസി
ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ സേവനങ്ങളുമായി ഇന്ത്യൻ എംബസി. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
വാട്സ് ആപ്പ് മുഖേനയും ഇന്ത്യക്കാര്‍ക്ക് ഈ നമ്പറുകളിൽ സഹായം തേടാം. ഇതിനു പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശദാംശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെട്ടാൽ ഖത്തര്‍ പൊലീസിൻറെ സഹായം തേടാവുന്നതാണെന്നും എംബസി അറിയിച്ചിട്ടുണ്ട്.
അതേസമയം ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.
500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക