വായില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കസ്റ്റംസ് പിടിച്ചില്ല, പുറത്തിറങ്ങിയപ്പോള്‍ പൊക്കിയത് പോലീസ്

കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ശ്രമിച്ച 1,191 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസുംചേര്‍ന്ന് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മാങ്കാവ് കൂലിത്തറ നാലളത്ത് ഇബ്രാഹീം ബാദുഷ (30), കാസര്‍കോഡ് പെരുമ്പള വലിയമൂല ബദര്‍ മന്‍സിലില്‍ അബ്ദുള്‍ അഫ്‌സല്‍ (23) എന്നിവരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍മനാസിറിനെ (25) എയര്‍ കസ്റ്റംസും കസ്റ്റഡിയിലെടുത്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഷാര്‍ജ -കോഴിക്കോട് വിമാനത്തിലാണ് ഇബ്രാഹീം ബാദുഷയും അബ്ദുള്‍ അഫ്‌സലും കരിപ്പൂരിലെത്തിയത്. വായില്‍ ഒളിപ്പിച്ച നിലയില്‍ ബാദുഷയില്‍നിന്ന് 214 ഗ്രാം സ്വര്‍ണവും അബ്ദുള്‍ അഫ്‌സലിന്റെ പക്കല്‍നിന്ന് 233 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. കസ്റ്റംസ് പരിശോധനയിൽ ഇവരിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അതിന് ശേഷം പുറത്തിറങ്ങിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഡി.ആര്‍.ഐ. വിഭാഗം നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് അബ്ദുള്‍ മനാസിറിനെ കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 744 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. മൂന്ന് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് 62,53,941 രൂപ വില വരും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!