കത്തില്‍ ‘കത്തി’ തിരുവനന്തപുരം കോർപറേഷൻ; CPM-BJP കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി, സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലാണ് നഗരസഭ കാര്യാലയത്തില്‍ കയ്യാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ ബി.ജെ.പി കൗൺസിലർമാർ മുറിക്കകത്ത് പൂട്ടിയിട്ടപ്പോൾ ഇത് സി.പി.എം കൗൺസിലർമാർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.

മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ വയോധികക്ക് സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവ പെൻഷന്റെ കാര്യം അന്വേഷിക്കാനാണ് ഇവർ എത്തിയിരുന്നത്. വയോധിക ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കുമ്പോഴാണ് ബി.ജെ.പി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം കണ്ട് ചിലർ മുറിയിൽനിന്ന് ഇറങ്ങിയോടി.

രാവിലെ പ്രകടനമായെത്തിയ ബി.ജെ.പി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കോർപറേഷന്റെ പ്രധാന കെട്ടിടത്തിലെ ഗ്രിൽ തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഗേറ്റ് തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതോടെയുണ്ടായ ഉന്തിനും തള്ളിനും ഇടയിലാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പൂട്ടിയിട്ടത്.

 

പൊലീസെത്തി ബി.ജെ.പി കൗൺസിലർമാരെ നീക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കൗണ്‍സിലർമാരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തളർന്നു വീഴുകയും ചെയ്തു. തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാർ അൽപസമയത്തിനുശേഷം വീണ്ടും അകത്തേക്ക് കടന്ന് പ്രതിഷേധിച്ചപ്പോൾ സി.പി.എം കൗൺസിലർമാർ നേരിട്ടു.

 

വനിത കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗ്രില്ലിന്റെ പൂട്ട് തകർക്കാനും ബി.ജെ.പി കൗണ്‍സിലർമാർ ശ്രമിച്ചു. സി.പി.എം കൗൺസിലർമാർ ഇതിനെ ചെറുത്തു. ഒരു ബി.ജെ.പി കൗൺസിലർക്ക് പരിക്കേറ്റു. ബി.ജെ.പിക്കാർ ആക്രമിച്ചതായി സി.പി.എം വനിത കൗൺസിലർമാർ ആരോപിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!