ടാൻസാനിയയിൽ വിമാനം തടാകത്തിൽ വീണ് 19 മരണം; ആളുകൾ കുടുങ്ങിക്കിടക്കുന്നു-വീഡിയോ

ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ വിമാനം വിക്ടോറിയ തടാകത്തിൽ തകർന്നു വീണ് 19 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് റീജിയനൽ കമ്മിഷണർ ആർബർട്ട് ചാലമില പറഞ്ഞു. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമ്മിഷണർ അറിയിച്ചു. ഇവരിൽ പലരും പിന്നീട് മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം.

 

 

പൈലറ്റുമാർ രണ്ടുപേരും കോക്പിറ്റിൽനിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് സംസാരിച്ചിരുന്നു. പിന്നീട് ഇവരും മരിച്ചെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്തിന്റെ മുക്കാൽ ഭാഗവും തടാകത്തിലേക്കു മുങ്ങിയ നിലയിലായിരുന്നു രക്ഷാപ്രവർത്തകർ ആദ്യമെത്തിയപ്പോൾ കണ്ടത്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മുങ്ങിക്കിടന്നപ്പോഴും ഫ്ലൈറ്റ് അറ്റൻഡന്റ് മുൻവാതിൽ തുറന്നുകൊടുത്തതിനാലാണ് കുറേപ്പേരെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ മീൻപിടിത്ത തൊഴിലാളികൾ അറിയിച്ചു. കയർ ഉപയോഗിച്ച് വിമാനം തീരത്തിന് അടുത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ട്.

 

 

ടാൻസാനിയയിലെ ദാറെസ് സലാം നഗരത്തിലെ വിക്ടോറിയ തടാകത്തിലാണ് പ്രിസിഷന്‍ എയറിന്റെ വിമാനം തകർന്നു വീണത്. ബുകോബ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു വിമാനം. കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു.

വിമാനത്താവളം അടുക്കുമ്പോഴും കനത്തമഴയിലും കാറ്റിലും വിമാനം അടിയുലയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാൻസാനിയയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണ് പ്രിസിഷൻ എയർ. കമ്പനിയുടെ എടിആർ42–500 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ. ബുകോബ വിമാനത്താവളം ഈ തടാകത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

 

കൂടുതൽ വിവരങ്ങളും വീഡിയോകളും ഉടൻ..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!