മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ കൊച്ചിയിലെത്തിച്ചു
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നാലുമാസമായി സൗദി അറേബ്യയില്‍ അബോധാവസ്ഥയിൽ കഴിയുകായിരുന്ന പ്രവാസിയെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിച്ചു. അബഹയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ എട്ടുവർഷമായി വെൽഡറായിരുന്ന തമിഴ്നാട് വെല്ലൂർ കട്ടപ്പാടി സ്വദേശി സുരേഷ്കുമാർ (48) ആണ് പക്ഷാഘാതം ബാധിച്ച് ശരീരമാസകലം തളർന്ന് അബോധാവസ്ഥയിലായത്.
ആദ്യം അസീർ സെൻട്രൽ ആശുപത്രിയിലായിരുന്നു പ്രവേശിച്ചിരുന്നതെങ്കിലും പിന്നീട് അബഹയില്‍ നിന്ന് 120 കിലോമീറ്റർ അകലെ ബല്ലസ്മർ ആശുപത്രിയിലേക്ക് മാറ്റി. ഇഖാമ കാലാവധി കഴിഞ്ഞ് നാലര വർഷമായിരുന്നു. എട്ട് മാസം മുമ്പ് പുതിയ ജോലിയില്‍ ചേര്‍ന്ന് ഇഖാമ പുതുക്കുന്നതിന് ഉൾപ്പടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മസ്‍തിഷാകാഘാതം ബാധിച്ചത്.
ഇഖാമ ഇല്ലാതിരുന്നതും ഇൻഷുറൻസ് ഇല്ലാത്തതും ചികിത്സയ്ക്ക് തടസമായി. ബല്ലസ്മർ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ചില മലയാളി നഴ്സുമാർ അറിയിച്ചതിനെ തുടർന്നു സുരേഷിന്റെ കുടുംബം ബിജെപി തമിഴ്‍നാട് സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി.
തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അസീറിലെ ജീവകാരുണ്യപ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലിനെ ഇക്കാര്യത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തി. ഇഖാമ ശരിയാക്കാനുള്ള വലിയ സാമ്പത്തിക ചെലവ് വഹിക്കാൻ തൊഴിലുടമ ആദ്യം തയാറായിരുന്നില്ല. എന്നാല്‍ അബഹ ലേബർ ഓഫീസ് മേധാവി ഇടപെട്ടതോടെ ഇയാള്‍ കുറച്ച് കാലത്തേക്ക് ഇഖാമ പുതുക്കി എക്സിറ്റ് വിസ ശരിയാക്കുകയായിരുന്നു. സെപ്തംബറില്‍ തന്നെ എക്സിറ്റ് വിസ കിട്ടിയെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര അസാധ്യമായി.
ആശുപത്രി മേധാവികളുമായി അഷ്റഫ് കുറ്റിച്ചൽ സംസാരിച്ചാണ് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയത്. സഹായത്തിന് ആശുപത്രിയിലെ ശുചീകരണതൊഴിലാളികളേയും ഏർപ്പെടുത്തി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ഡോക്ടറുടേയോ നഴ്സിന്റേയോ സഹായത്തോടെ യാത്ര ചെയ്യാമെന്ന അവസ്ഥയിലായി. ഈ സമയത്ത് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സൗദി എയർലൈൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 41,000 റിയാലാണ് (എട്ടര ലക്ഷം രൂപ) ചെലവ് പറഞ്ഞത്. സുരേഷിന്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ഈ തുക വഹിക്കാന്‍ സ്‍പോണ്‍സറും തയ്യാറായില്ല.
തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ ഷാഹിദ് ആലം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി മുഴുവന്‍ ചെലവും വഹിക്കുകയായിരുന്നു. കോൺസുലേറ്റ് ക്ഷേമകാര്യ വിഭാഗം കോൺസൽ മുഹമ്മദ് അബ്ദുൽ ജലീലിന്റെയും സഹ ഉദ്യോഗസ്ഥൻ മുഹമ്മദ് ഉനൈസ് ഇല്ലത്തിന്റെയും ഇടപെടലിലൂടെയാണ് ഇതിന് വഴിയൊരുക്കിയത്.
ചികിത്സാ ചെലവായി 70,000 റിയാലായിരുന്നു (15 ലക്ഷത്തോളം രുപ) ആശുപത്രിയില്‍ നല്‍കേണ്ടിയിരുന്നത്. കോൺസുൽ ജനറല്‍, അബഹ ഗവർണർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഗവര്‍ണറുടെ ഓഫീസ് ഇടപെട്ട് ആരോഗ്യവിഭാഗം മേധാവിയുമായും ആശുപത്രി ഡയറക്ടറുമായും ബല്ലസ്മർ പൊലീസ് മേധാവിയുമായും സംസാരിച്ച് ഈ ബാധ്യത തൊഴിലുടമയുടെ പേരിലേക്ക് മാറ്റിയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിലേക്കും അവിടെനിന്ന് പുലർച്ചെ കൊച്ചിയിലേക്കും കൊണ്ടുപോയി. സൗദിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ആലുവ എഴിപുറം സ്വദേശിനി അതുല്യ കുഞ്ഞുമോനാണ് സുരേഷിന് ആവശ്യമായ പരിചരണം നൽകി വിമാനത്തിൽ അനുഗമിച്ചത്. കൊച്ചിയില്‍ നിന്ന് ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി.
ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡന്റുകൂടിയായ അഷ്റഫ് കുറ്റിച്ചലിനെ കൂടാതെ റോയി മൂത്തേടം, പൈലി ജോസ്, മുജീബ് എള്ളുവിള, ഷഫീർ കൊപ്പത്ത് എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്
0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.