ബൈക്കിന് പിന്നിൽ കാറിടിച്ചു; കാറിൻ്റെ ബമ്പറിൽ കുടുങ്ങിയ ബൈക്കുമായി കാർ ഒരു കിലോമീറ്ററോളം സഞ്ചരിച്ചു, മറ്റൊരു ബൈക്കിൽ പിന്തുടർന്ന നാട്ടുകാർ ഡ്രൈവറെ പിടികൂടി – വീഡിയോ

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇടിച്ചിട്ട ബൈക്കുമായി കാർ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു. കാർ ബൈക്കിലിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ദിരാപുരം നീതിഖണ്ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മംഗള്‍ചൗക്കില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ബൈക്കിൽ രണ്ട് യുവാക്കാൾ യാത്ര ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. എന്നാൽ യാത്രക്കാർ തെറിച്ച് വീണതിനാൽ കാര്യമായ അപകടമുണ്ടായില്ല. പക്ഷേ കാർ ബൈക്കിലിടിച്ചത് അറിയാതെ കാർ ഡ്രൈവർ ഡ്രൈവിംഗ് തുടർന്നു. കാറിൻ്റെ മുൻഭാഗത്ത് കുടങ്ങിയ ബൈക്കുമായി ഒരു കിലോമീറ്ററോളം കാർ സഞ്ചരിച്ചു.

ഈ സമയത്ത് ബൈക്കിൻ്റെ ലോഹഭാഗങ്ങൾ റോഡിലുരസി തീപ്പൊരി പാറുന്നുണ്ടായിരുന്നു. എന്നിട്ടും ഡ്രൈവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

ഇന്ദിരാപുരത്തെ മംഗൾ ബസാർ ചൗക്കിൽ വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൗസാമ്പി സ്വദേശികളായ രണ്ടുപേരെ കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ബമ്പറിൽ ബൈക്ക് കുടുങ്ങി കാർ പാഞ്ഞുകയറിയപ്പോൾ ചിലർ ഡ്രൈവറെ തടയാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മറ്റൊരു ഇരു ചക്രവാഹനത്തിൽ കാറിനെ പിന്തുടർന്ന യാത്രക്കാരാണ് കാർ ഡ്രൈവറെ അപകടം സംബന്ധിച്ച് അറിയിച്ചതും കാർ നിർത്താൻ ആവശ്യപ്പെട്ടതും.

 

 

ബൈക്കിലെത്തി പിടികൂടിയ ശേഷം  ചിലർ കാറിന്റെ താക്കോൽ ഊരിമാറ്റിയിട്ടും ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും നിരവധി ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

കാറുടമയായ മീററ്റ് സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ലെന്നു ഡിസിപി എസ്.കെ.സിങ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!