വിമാനത്തിൽ കയറും മുൻപ് ‘ഓടി നടന്നു’ കുളിച്ചു, ഒന്നല്ല അഞ്ചു തവണ; എന്നിട്ടും കസ്റ്റംസ് പിടിച്ചു

ഒ‌ക്ടോബർ 10നു നാട്ടിലേക്കു പോകാൻ ദുബായ് വിമാനത്താവളത്തിലേക്കു പുറപ്പെടും മുൻപു തൃശൂർ സ്വദേശി ഫഹദ് ‘ഓടി നടന്നു’ കുളിച്ചു; ഒന്നല്ല അഞ്ചു തവണ. നനഞ്ഞ ടർക്കികൾ പ്ലാസ്റ്റിക് കവറുകളിൽ ഭദ്രമായി മടക്കി ബാഗിൽ വച്ചു. കൊച്ചിയിൽ വിമാനമിറങ്ങിയപ്പോൾ കസ്റ്റംസ് പരിശോധന. നനഞ്ഞ ടർക്കി ഉദ്യോഗസ്ഥൻ എടുത്തപ്പോൾത്തന്നെ ഫഹദ് പറഞ്ഞു,  പുറപ്പെടും മുൻപു കുളിച്ചപ്പോൾ ഉപയോഗിച്ചതാണു സർ, നനഞ്ഞതായതിനാൽ കവറിലാക്കി. പരിശോധന തുടർന്നപ്പോൾ നാലു ടർക്കി കൂടി.

എല്ലാം നനഞ്ഞത്. മഞ്ഞയും തവിട്ടുമായി സ്വർണത്തോടു ചേരുന്ന നിറങ്ങൾ. എല്ലാം സ്വർണ ലായനിയിൽ മുക്കിയ ടർക്കികൾ. അക്വ റീജിയ ആസി‍ഡ് ഉപയോഗിച്ചു വേർതിരിച്ചെടുത്തപ്പോൾ  കിട്ടിയതു  400 ഗ്രാം ശുദ്ധസ്വർണം.  സ്വർണക്കടത്തിന്റെ പുതിയ വഴി കണ്ട അമ്പരപ്പിലാണ് അധികൃതർ.  മെറ്റൽ ഡിറ്റക്ടറിൽ പോലും പിടിക്കപ്പെടാതെ പോകുന്നു പല കടത്തുകളും. ഒരു മാർഗം മനസ്സിലാക്കി അധികൃതർ പിടികൂടുമ്പോഴേക്കും കള്ളക്കടത്തുകാർ പുതിയ വഴി കണ്ടെത്തിക്കഴിയും.

സ്വർണക്കടത്തു പുതിയതും വേറിട്ടതുമായ വഴികളിലൂടെ മുന്നോട്ടാണ്. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്ന ‘പരമ്പരാഗത രീതി’ ഇപ്പോഴും തുടരുന്നുണ്ട്.  250 ഗ്രാം വരെയുള്ള സ്വർണ മിശ്രിതം ഗർഭനിരോധന ഉറകളിലാക്കി രഹസ്യഭാഗങ്ങളിലേക്കു കയറ്റിവയ്ക്കും .പലരും ഉയർന്ന അളവിൽ വേദനസംഹാരി കഴിച്ചാണു ദൗത്യം തുടങ്ങുക. ഈ രീതിയിൽ ഒരാൾ 800 ഗ്രാം വരെ സ്വർണം കൊണ്ടുവരും.

 

സ്വർണത്തലമുടി

കൊച്ചി വിമാനത്താവളത്തിലിറങ്ങിയ യുവാവ്. തലമുടി ഭംഗിയായി സ്പൈക് ചെയ്തു നിർത്തിയിരിക്കുന്നു. ‘തലക്കനം’ തോന്നിയ ഉദ്യോഗസ്ഥൻ മുടിയൊന്നു തൊട്ടുനോക്കിയതോടെ യുവാവ് ക്ഷുഭിതനായി. ചോദ്യം ചെയ്യലിൽ സംഗതി തെളിഞ്ഞു. സ്വർണലായനി തേച്ചുപിടിപ്പിച്ച് ഉയർത്തി നിർത്തിയതായിരുന്നു  മുടി. മറ്റൊരു സംഭവം ഡൽഹി വിമാനത്താവളത്തിൽ. ചുരുളൻ തലമുടിയുള്ള യുവാവ്. തലമുടിക്കുള്ളിൽ  തിളക്കമുള്ള നാരുകൾ. പിടികൂടിയിപ്പോൾ  സ്വർണനാരുകൾ.

 

മെറ്റൽ ഡിറ്റക്ടറിനെ വെട്ടിക്കും

സ്വർണം മുക്കിയ ടർക്കി കൊണ്ടുവന്നപ്പോൾ കൊച്ചി വിമാനത്താവളത്തിലെ മെറ്റൽ ഡിറ്റക്ടർ ശബ്ദിച്ചില്ല. ലോഹത്തിന്റെ തോതു കുറവാക്കിയുള്ള രാസ ലായനികളോ മിശ്രിതങ്ങളോ ആണെങ്കിൽ മെറ്റൽ ഡിറ്റക്ടറിനെ പറ്റിക്കാമെന്നും കടത്തുകാർക്കറിയാം. മൈദയും ആവണക്കെണ്ണയും ചേർത്തു കുഴച്ചു കൊണ്ടുവന്നാൽ കണ്ടുപിടിക്കാനാകില്ലെന്ന ‘നാട്ടറിവു’ പ്രയോഗിക്കുന്നവരുമേറെ.

 

വഴികൾ പലതരം

  •  ഇലക്ട്രിക് വയറുകൾ കാർഗോയിലെത്തി. കമ്പികളെല്ലാം പുറമേയ്ക്കു ചെമ്പ്. ഏറ്റവും ഉള്ളിലെ ചുരുളുകളിൽ 50 മീറ്റർ സ്വർണവയറുകൾ.
  •  സ്ക്രൂകൾക്കു തുളയുണ്ടാക്കി അതിൽ സ്വർണലായനി നിറച്ചുള്ള കടത്ത്. 50 സ്ക്രുകളുണ്ടെങ്കിൽ അതിൽ പതിനഞ്ചെണ്ണത്തിലെങ്കിലും സ്വർണം. വലിയ സ്ക്രൂവിൽ കൂടുതൽ സ്വർണം.
  • പഴയ ലാപ്ടോപ്പുകൾ, സിസിടിവി ക്യാമറ എന്നിവയ്ക്കു പുറമെ ഇയർഫോൺ പിന്നിനകത്തും സ്വർണം.
  •  കാലിനടിയിൽ സ്വർണപ്പാളിവച്ചു കറുത്ത ടേപ്പ് ചുറ്റി സോക്സിട്ടു ഭദ്രമാക്കി ഷൂവണിഞ്ഞുവരുന്ന മാന്യന്മാരുമേറെയുണ്ട്. സമീപകാലത്താണു കൊച്ചി വിമാനത്താവളത്തിൽ ഇത്തരമൊരു ഷൂ പിടികൂടിയത്. പാദത്തിലെ അസാധാരണഭാരം ഉണ്ടാക്കിയ സ്വാഭാവിക ‘ദുർനടത്തം’ യാത്രക്കാരനുണ്ടായിരുന്നു.
  • സ്വർണച്ചെരുപ്പാണു മറ്റൊരു താരം. പരിശോധനയിൽ ചെരിപ്പിനടുത്തെത്തിയപ്പോൾ മെറ്റൽ ഡിറ്റക്ടർ ചിലച്ചു. ചെരുപ്പിന്റെ തുന്നൽ അഴിച്ചപ്പോൾ അകത്തു കറുത്ത കവറിൽ പൊതിഞ്ഞ സ്വർണപ്പാളികൾ.
  • സ്വർണം ലായനിയാക്കി, രാസവസ്തുവെന്ന വ്യാജേനെ കണ്ടെയ്നറുകളിലാക്കിയുള്ള കടത്തും പതിവ്.
  • പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉൾവസ്ത്രങ്ങളുടെ അരികുകളിൽ സ്വർണ മിശ്രിതം നിറയ്ക്കും. 400 മുതൽ 600 വരെ ഗ്രാം ഇങ്ങനെ എത്തിക്കും.
  • സാധാരണ കാർഡ് ബോർഡ് പെട്ടിയാണു പുതിയ ഇനം കടത്തുവഴി. കാർഡ് ബോർഡ് പെട്ടിയുടെ ഉൾഭാഗത്ത്, രാസവസ്തുവുമായി ലയിപ്പിച്ച സ്വർണം പൂശും. ഇത് എക്സ്റേ പരിശോധനയിൽ കണ്ടെത്താനാകില്ല. കണ്ടാലും തിരിച്ചറിയില്ല. ആ പെട്ടിയിൽ എന്തെങ്കിലും സാധനങ്ങൾ നിറച്ച് അയയ്ക്കും. പിന്നീടു പെട്ടി കത്തിച്ച്, സ്വർണം വേർതിരിച്ചെടുക്കും.
  • ജീൻസുകൾ, ഓവർകോട്ടുകൾ എന്നിവയിലും വലിയതോതിൽ സ്വർണലായനി നിറച്ചു കടത്താറുണ്ട്.
  • പാന്റിന്റെ സിപ്പിൽ തയ്ച്ചുപിടിപ്പിച്ചു കൊണ്ടുവരുന്ന കേസിൽ 50 ഗ്രാംവരെ സ്വർണമുണ്ടാകും.
  • സ്വർണപ്പാളികൾ ബെൽറ്റിനകത്തുവച്ചു തുന്നി വരുന്നവരുമുണ്ട്.
  • സ്വർണ ബിസ്കറ്റ് മാലയണിഞ്ഞു വരുന്നവരുമേറെ. ചെമ്പ് ചേരാത്തതിനാൽ തിളക്കം കുറവായിരിക്കും. റോഡിയം പൂശിയാൽ സ്റ്റീൽമാലയെന്നേ തോന്നൂ.
  • അസംസ്കൃത സ്വർണം കട്ടിയുള്ള വളയായി ഇട്ടുവരുന്നതു വളരെ പതിവു കാഴ്ച.
  • കാൽ മുട്ടിലും പാദത്തിലുമിടുന്ന ക്യാപ്പുകളിലും സ്വർണാംശങ്ങൾ കണ്ടെത്തിയ സംഭവങ്ങളുണ്ട്. സ്വർണ ബട്ടൻസുകളും പതിവു കാഴ്ച.
  • ദുബായിൽനിന്നു നൂറും ഇരുന്നൂറും ഗ്രാം സ്വർണം വാങ്ങി കൈയിൽവച്ചു കടത്തുന്ന കുടുംബങ്ങൾ വ്യാപകം.
  • സ്വർണക്കടത്തുകാരനും വിമാനജീവനക്കാരും കൈകോർത്തുള്ള സ്വർണക്കടത്തുമുണ്ട്. കടത്തുകാരൻ പുറപ്പെടുന്ന വിമാനത്തിനകത്തെ ശുചിമുറിയിലും മറ്റും സ്വർണം ഒളിപ്പിക്കും. വിമാനം ലാൻഡ് ചെയ്തശേഷം ജീവനക്കാരൻ അതു പുറത്തെത്തിക്കും. വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളികളിൽ ചിലരും ഇതിന്റെ ഭാഗമാകാറുണ്ടത്രെ. നാലും അഞ്ചും കിലോ വരെ സ്വർണം ഇങ്ങനെ കടത്തും.
  • പൈപ്പുകളിലും ഹാർഡ് വെയറുകളിലും വ്യാപകമായി കടത്തുന്നുണ്ട്.
  • പായ്ക്കിങ് – ഏതെങ്കിലും സാധനങ്ങളിൽ 200, 300, 400 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്തുന്ന രീതി. ഇതിൽ,ചിലതിൽ മാത്രം സ്വർണം ഒളിപ്പിക്കും. ചിലതിലുണ്ടാകില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!