‘തലയ്ക്ക് ഇടിച്ചു, ചവിട്ടി, നരഹത്യാശ്രമം’: കാറിൽ ചാരിയതിന് കുട്ടിയെ മർദിച്ച പ്രതി ഷിഹാദ് റിമാൻഡിൽ. വീഡിയോ ദേശീയ മാധ്യമങ്ങളിലും വൈറലാകുന്നു – വീഡിയോ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. നരഹത്യാശ്രമമാണ് നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി.

പ്രതി കുട്ടിയെ മർദിക്കുകയും നടുവിനു ചവിട്ടുകയും ചെയ്തു. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

 

ഇതിനിടെ ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച വാർത്തയും വീഡിയോയും ദേശീയ മാധ്യമങ്ങളിലും വൈറലായി. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം വീഡിയോ സഹിതം വാർത്ത നൽകി. ഇതിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും വളരെ പ്രാധന്യത്തോടെയാണ് വാർത്ത പ്രചരിക്കുന്നത്. ഇരയായ കുട്ടി അയൽ സംസ്ഥാനത്ത് നിന്നുള്ളതായതിനാൽ കേരള പൊലീസ് നടപടിക്കെതിരെയും അയൽ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായതായി പ്രാദേശിക വാർത്തകൾ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍ ആറു വയസ്സുകാരനായ കുട്ടിയെ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദ്‌ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് പോലീസ് നടപടിക്കെതിരേ വിമർശനമുയരുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്രൂരകൃത്യം ചെയ്ത ഇയാളെ രാത്രി പോലീസ് വിളിച്ചുവരുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യം ഇന്ന് മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഇയാളെ കസ്റ്റഡയിലെടുക്കാനും കേസെടുക്കാനും പോലീസ് തയ്യാറായത്.

മണവാട്ടി ജങ്ഷനില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് കുട്ടി ചാരിനിന്നത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിവന്ന ഷിനാദ്‌ കുട്ടിയെ കാലുയര്‍ത്തി ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റ് കുട്ടി പകച്ചുനില്‍ക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സിസിടിവി വീഡിയോയില്‍ കാണാം.

 

 

കുട്ടിക്ക് എതിരായ ക്രൂരത കണ്ട നാട്ടുകാര്‍ ബഹളം വെക്കുന്നതും യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രാത്രി പതിനൊന്നു മണിയോടെ പോലീസ് ഷിനാദിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. രാവിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബാലവകാശ കമ്മീഷനും മറ്റും ഇടപെടുകയും പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!