പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം തിരിച്ചു നൽകാൻ ആകില്ലെന്ന് കോടതി, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി
പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് തിരിച്ചടി. വിജിലന്‍സ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം.ഷാജിയുടെ വാദം തള്ളിയ കോഴിക്കോട് വിജിലൻസ് കോടതി, പണം തിരിച്ചുനൽകാനാകില്ലെന്ന് വ്യക്തമാക്കി. രേഖകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി വ്യക്തമാക്കി.
അഴീക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടായിരുന്നു കോടതിയിൽ ഹർജി നൽകിയത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ.എം.ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക