നടുറോഡില്‍ പൂര്‍ണ നഗ്നനായി നടന്നു; പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

കുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് പ്രാദേശി ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

മദ്യലഹരിയില്‍ ജലീബ് മേഖലയിലൂടെ പൂര്‍ണ നഗ്നനായാണ് പ്രവാസി നടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ഉത്തരവിടുകയായിരുന്നു. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. അതേസമയം ഉദ്യോഗസ്ഥനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച കുവൈത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്രോള്‍ ഉദ്യോഗസ്ഥനെയാണ് യുവാവ് ആക്രമിച്ചത്.

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്‍ഡില്‍ പിടിയിലായിയിരുന്നു. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലാണ് കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നത്.

തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ തടയാനും നിയമം പാലിക്കാത്തവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!