‘മര്‍ദനം സഹിക്കാം, മാനസികപീഡനം സഹിക്കാനാകില്ല’; ആത്മഹത്യക്ക് മുമ്പ് സഹോദരനും സഫ്‌വയുടെ സന്ദേശം
മലപ്പുറം കോട്ടക്കലിൽ സഫ്‌വ എന്ന യുവതി ആത്മഹത്യ ചെയ്യുംമുമ്പ് രണ്ടു മക്കളേയും ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന. തുടർന്ന് അതേ ഷാൾ ഉപയോഗിച്ച് സഫ്‌വ തൂങ്ങി മരിക്കുകയായിരുന്നു. മരിക്കും മുമ്പ് സഹോദരനും സഫ്‌വ സന്ദേശം അയച്ചിരുന്നു. മര്‍ദനം സഹിക്കാം എന്നാൽ മാനസികപീഡനം സഹിക്കാനാകില്ല. അതുകൊണ്ട് പോകുന്നു എന്നായിരുന്നു സഹോദരൻ തസ്ലീമിന് അയച്ച വാട്സാപ്പ് സന്ദേശം.
ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സഫ്‌വ (26) മക്കളായ ഫാത്തിമ മര്‍സീഹ(നാല്) മറിയം(ഒന്ന്) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ റാഷിദ് അലി തന്നെയാണ് വിവരം മറ്റുള്ളവരെയും പോലീസിനെയും അറിയിച്ചത്.
സഫ്‌വയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മയെ കാണാൻ പോകണമെന്ന് പറഞ്ഞ് ഇവർ തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നെന്നാണ് വിവരം.
അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഫ്‌വയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നാല് മണിക്ക് റഷീദലിക്ക് സഫ്‌വ സന്ദേശം അയച്ചെങ്കിലും തങ്ങളെ ഇക്കാര്യം അറിയിക്കുന്നത് ആറ് മണിയോടെയാണെന്ന് സഫ്‌വയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ട്. എന്ത് നടന്നു എന്ന് അറിയണം. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നും സഫ്‌വയുടെ കുടുംബം ആവശ്യപ്പെട്ടു.
കൽപ്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
തലേദിവസം ഭർത്താവും സഫ്‌വയും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനെത്തുടർന്ന് ഭർത്താവ് റാഷിദ് അലി മറ്റൊരു റൂമിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ നാല് മണിക്ക് ഞങ്ങൾ പോകുകയാണ് എന്ന് സഫ്‌വ റഷീദലിക്ക് സന്ദേശം അയച്ചു. അഞ്ച് മണിക്കായിരുന്നു റാഷിദ് അലി സന്ദേശം കാണുന്നത്. ഉടൻ തന്നെ മുറിയിലെത്തിയെങ്കിലും സഫ്‌വയെ മരിച്ചനിലയിൽ കാണുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുട്ടികളും മരിച്ചുകിടക്കുന്നതാണ് കണ്ടത്.