വിമാനത്തിൻ്റെ ചിറക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു, യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ ഇറങ്ങിയോടി

തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോയ ട്രെയിലറാണ് തിരുവന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന ബസിലിടിച്ചത്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

മുപ്പത് വര്‍ഷം ആകാശത്ത് പറന്ന് നടന്ന എയര്‍ബസ് എ-320 കലാവധി കഴിഞ്ഞതിനാല്‍ 2018-ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു.

നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഇത് ഉപയോഗിച്ച് വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ്, 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.

വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം. ട്രെയിലറിന്റെ ഡ്രൈവര്‍ അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതും പോലീസിന് തലവേദനയായി.

തുടര്‍ന്ന് ബ്ലോക്കിലകപ്പെട്ട മറ്റൊരു ട്രെയിലര്‍ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച് നിന്ന ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഗതാഗത കുരുക്കിന് പരിഹാരമായത്.

തിരുവനന്തപുരം-മുംബൈ-ഡല്‍ഹി റൂട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും തുടര്‍ സര്‍വീസ് നടത്തിയിരുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ വിമാനം. വി.ടി.ഇ.എസ്.ഇ. എന്ന രജിസ്ട്രേഷന്‍ നമ്പറിലായിരുന്നു വിമാനം പറന്നിരുന്നത്. റെസ്റ്റോറന്റായി പുനര്‍നിര്‍മ്മിക്കാനാണ് ഹൈദരാബാദിലേക്ക് വിമാനം കൊണ്ടുപോകുന്നത് ഇതിനിടെ ആണ് അപകടം. ഫ്രാന്‍സിലാണ് വിമാനം നിര്‍മിച്ചത്. സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് വിമാനം ആക്രിവിലയ്ക് ഇപ്പോഴത്തെ എ.ഐ. എന്‍ജിനിയറിങ് ലിമിറ്റഡ് ലേലത്തില്‍ വിറ്റത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!