പൊലീസിനെ വഴി തെറ്റിക്കാനുള്ള മാർഗങ്ങൾ ഗ്രീഷ്മ ഇൻ്റർനെറ്റിൽ നിന്ന് കണ്ടെത്തി; ബന്ധുക്കളെ പറഞ്ഞ് പഠിപ്പിച്ചു!
സുഹൃത്തായ ബിരുദ വിദ്യാർഥിയെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക്, കൊലപാതകത്തിനും അതിനു ശേഷം തെളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും സഹായം ലഭിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പങ്കു വ്യക്തമായതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിന്റെ (23) കൊലപാതകക്കേസിൽ ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി.
ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന് പൊലീസ് പറയുന്നു. വിഷം നൽകിയതിനെക്കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.
ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും, അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണ് ഗ്രീഷ്മ മൊഴി നൽകിയത്. അന്വേഷണം വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പൊലീസിനോട് എന്തു പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.
ഗ്രീഷ്മയുടെ അക്കാദമിക് മികവ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് മുതൽ ബിഎ ഇംഗ്ലിഷിനു ആറാം റാങ്ക് വരെ നേടിയ മിടുമിടുക്കി. പഠന വിഷയങ്ങളിൽ എന്ന പോലെ കലാരംഗത്തും വാരിക്കൂട്ടിയ പുരസ്കാരങ്ങളും ഒട്ടേറെ. നൃത്ത രംഗത്ത് വലിയ ഭാവി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ കോളജിനെ പ്രതിനിധികരിച്ച് മത്സരങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. വീടിനു അടുത്തുള്ള ക്ലബ്ബിലെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക